മന്ത്രിയുടെ ഇടപെടൽ; മിൽമ റിച്ച് പാലിൻ്റെ വില വർധന പിൻവലിച്ചു
തിരുവനന്തപുരം: മിൽമയുടെ രണ്ട് ഇനങ്ങളിലുള്ള പാലിന്റെ വിൽപ്പന വില വർദ്ധിപ്പിച്ചു ഉത്തരവിറങ്ങിയിരുന്നു. മിൽമ റിച്ച് ( പച്ച കവർ) 500 ml 29 രൂപ 30 ആയും മിൽമ സ്മാർട്ട് 500 ml 24 രൂപ 25 ആയും ആണ് വില വർദ്ധിപ്പിച്ചത്. ഇതിനിടെ സർക്കാരിനെ അറിയിക്കാതെ പാൽ വില വർധിപ്പിക്കാനുള്ള മിൽമയുടെ തീരുമാനത്തിൽ ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി വിശദീകരണം ആവശ്യപ്പെട്ടു.
തുടർന്ന്, മിൽമ റിച്ച് പാലിന്റെ വില വർദ്ധനവ് പിൻവലിച്ചു. എന്നാൽ മിൽമ സ്മാർട്ട് പാലിന്റെ വിലവർധന നിലനിർത്തുമെന്നും അവർ അറിയിച്ചു. മിൽമക്ക് വില നിശ്ചയിക്കാനുള്ള അധികാരമുണ്ട്. എന്നാൽ, മിൽമ സർക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. അതിനാൽ, വിലവർദ്ധനവ് നടപ്പാക്കാനുള്ള തീരുമാനം അറിയിക്കണമായിരുന്നു എന്ന് മന്ത്രി പറഞ്ഞു.
മിൽമയുടെ 3 മേഖല യൂണിയൻ ചെയർമാൻമാരും എം ഡി യും മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം. 2022 ഡിസംബർ 22 ന് പാൽ വില വർദ്ധനവ് സംബന്ധിച്ച് സർക്കാരിനെ അറിയിച്ച തീരുമാനത്തിന് വിരുദ്ധമായി മിൽമ റിച്ച് – സ്റ്റാൻഡൈഡ് മിൽക്ക്ന്റെ വിലയിൽ വരുത്തിയ വർദ്ധനവ് പിൻവലിക്കുന്നതായി മിൽമ അറിയിച്ചു. അതേ സമയം കഴിഞ്ഞ ഡിസംബറിൽ 4 രൂപ മാത്രം വർദ്ധനവ് വരുത്തിയ ഡബിൾ ടോൺഡ് മിൽക്ക് ഇനമായ മിൽമ സ്മാർട്ടിന്റെ വില ലിറ്ററിന് 2 രൂപ കൂട്ടി ഏകീകരിച്ച നടപടി തുടരും എന്നും മിൽമ അറിയിച്ചു.