കനത്ത മഴയിൽ നിറഞ്ഞൊഴുകിയ അഴുക്കുചാലിൽ വീണ് കോഴിക്കോട് മധ്യവയസ്കനെ കാണാതായി
കോഴിക്കോട്: കോവൂരിൽ അഴുക്കുചാലിൽ വീണ് മധ്യവയസ്കനെ കാണാതായി. ഞായറാഴ്ച രാത്രി 8.30-ഓടെയാണ് കോവൂർ സ്വദേശി കളത്തിൻപൊയില്‍ ശശി (60) ഓടയില്‍ വീണത്. കനത്തമഴയില്‍ നിറഞ്ഞൊഴുകിയ ഓവുചാലില്‍ ഇയാൾ വീഴുകയായിരുന്നു.
കോവൂർ എം.എല്‍.എ. റോഡില്‍ മണലേരിതാഴത്തെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തില്‍ കാല്‍വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് ബസ് സ്റ്റോപ്പില്‍ കയറിനില്‍ക്കുകയായിരുന്നു ശശിയും സുഹൃത്തും. ശക്തമായ മഴയായതിനാല്‍ റോഡിനോട് ചേർന്നുള്ള ഓവുചാല്‍ വെള്ളംനിറഞ്ഞ് കുത്തിയൊലിക്കുകയായിരുന്നു.

വീണയുടനെ സമീപത്തുണ്ടായിരുന്ന ആളുകള്‍ തിരച്ചില്‍നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും സന്നദ്ധ പ്രവർത്തരും രണ്ടു കിലോമീറ്ററോളം ദൂരത്തില്‍ രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോവൂർ, ചേവായൂർ, ചേവരമ്ബലം, മെഡിക്കല്‍ കോളേജ് പ്രദേശങ്ങളിലെ വെള്ളം ഈ ഓവുചാലിലൂടെ മാമ്പുഴയിലാണ് എത്തുന്നത്.
Summary: Middle-aged man from Kozhikode goes missing after falling into a flooded drain due to heavy rain