കുടുംബശ്രീ പ്രവർത്തകർക്കായി മൂന്ന് കോടി രൂപ; നൊച്ചാട് പഞ്ചായത്തിൽ മെെക്രോക്രെഡിറ്റ് വായ്പ വിതരണം ചെയ്തു
പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീകൾക്കായുള്ള മെെക്രോക്രെഡിറ്റ് വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ പ്രസാദ് അധ്യക്ഷത വഹിച്ചു.
സ്ത്രീ സ്വാശ്രയത്വം, സംരംഭകത്വം, ശാക്തീകരണം എന്ന ലക്ഷ്യവുമായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനാണ് മെെക്രോക്രെഡിറ്റ് വായ്പാ പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ കുടുംബശ്രീകൾക്കായി മൂന്ന് കോടി രൂപയാണ് വായ്പ അനുവദിച്ചത്. അയൽകൂട്ടങ്ങൾക്കുള്ള വായ്പാ വിതരണം നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ നിർവഹിച്ചു. കുടുംബശ്രീ റിവോൾവിംഗ് ഫണ്ട് വെെസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ വിതരണം ചെയ്തു.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ വി.പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ശോഭന വെശാഖ്, ഷിജി കൊട്ടാരക്കൽ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ഷബിന തുടങ്ങിയവർ സംസാരിച്ചു. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഉപജില്ലാ മാനേജർ കെ രവീന്ദ്രൻ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് വി സുധ എന്നിവർ പദ്ധതി വിശദീകരണം നടത്തി. സിഡിഎസ് ചെയർപേഴ്സൺ സോണിമ പി.പി സ്വാഗതവും വെെസ് ചെയർപേഴ്സൺ എ ബിജിന നന്ദിയും പറഞ്ഞു.