‘ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് നോമിനേഷനുമായി ബന്ധപ്പെട്ട തര്‍ക്കം’; സമരം ചെയ്ത എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതായി ആരോപണം
മണിയൂര്‍: ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതായി ആരോപണം. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി രോഹിത്ത് (25), പ്രസിഡണ്ട് അനഘ് രാജ് (24), വൈസ് പ്രസിഡണ്ട് എസ്.വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വടകര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ ദിവസമാണ് സംഭവം. കലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുണ്ടായത്. ”കോളേജില്‍ നോമിനേഷന്‍ സമര്‍പ്പിച്ച എംഎസ്എഫിന്റെ ചെയര്‍മാന്‍, ജോയിന്‍ സെക്രട്ടറി, രണ്ട് യുയുസി, ചീഫ് സ്റ്റുഡന്‌റ് എഡിറ്റര്‍, സൈക്കോളജി റെപ്പ്, മാനേജ്‌മെന്റ് സ്റ്റഡീസ് റെപ്പ്, പിജി റെപ്പ് എന്നീ എംഎസ്എഫ് സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ പിഴവുകള്‍ കാരണം റിട്ടേണിങ് ഓഫീസര്‍ തള്ളിയിരുന്നു. എന്നാല്‍ കോളേജ് അധികൃതര്‍ തള്ളിയ നോമിനേഷനുകള്‍ വീണ്ടും സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നോമിനേഷനില്‍ അക്ഷരത്തെറ്റ് ഉണ്ടെങ്കില്‍ സ്വീകരിക്കാമെന്ന് നിലപാടാണ് ഡീന്‍ എടുത്തിരുന്നത്. ഒപ്പിലും തീയതിയിലും പിഴവുള്ളവ സ്വീകരിക്കരുതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഗുരുതര പിശകുകളുള്ള എംഎസ്എഫ് പ്രവര്‍ത്തകരുടെ നോമിനേഷന്‍ സ്വീകരിക്കുന്ന നിലപാടാണ് കോളേജ് അധികൃതര്‍ സ്വീകരിച്ചതെന്ന് എസ്.എഫ്.ഐ വടകര ഏരിയാ പ്രസിഡണ്ട് അനഘ് രാജ് പറഞ്ഞു.
കോളേജിന്റെ ഈ നിലപാടിനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കോളേജിലെത്തുകയും എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തതെന്ന് അനഘ് രാജ് പറഞ്ഞു.
Description: MHES College electiom; It is alleged that the police beat the protesting SFI