” മക്കളുടെ പഠനകാര്യങ്ങളെല്ലാം ഒരു കുറവുംവരാതെ നോക്കിയിരുന്നത് തൊഴിലുറപ്പിന് പോകുന്നത് കൊണ്ടാണ്, ഇനി എന്താവുമെന്നറിയില്ല” ഒരു പഞ്ചയത്തില്‍ ഒരേസമയം 20 പ്രവൃത്തിയെന്ന കേന്ദ്ര ഉത്തരവ് നടപ്പിലാക്കിയാല്‍ എന്തു ചെയ്യുമെന്നറിയാതെ ചക്കിട്ടപ്പാറയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍
ചക്കിട്ടപ്പാറ: ”തൊഴിലുറപ്പ് പദ്ധതി കൊണ്ടാണ് മക്കളുടെ പഠനകാര്യങ്ങള്‍ ഞാന്‍ നോക്കിയിരുന്നത്. അവര്‍ വലിയ ക്ലാസിലേക്ക് പോകുകയാണ്, ഇനി അവരുടെ കാര്യങ്ങളെല്ലാം എങ്ങനെ നടക്കുമെന്ന ആധിയാണെനിക്ക്” തൊഴിലുറപ്പ് തൊഴിലാളിയായ ചക്കിട്ടപ്പാറ സ്വദേശിനി രജിതയ്ക്ക്. രജിതയുടെ ഭര്‍ത്താവിന് കൂലിപ്പണിയാണ്. മഴക്കാലമായാല്‍ പിന്നെ വല്ലപ്പോഴും ഒന്നോ രണ്ടോ പണി കിട്ടിയാല്‍ ആയി എന്നതാണ് അവസ്ഥ. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ കുടുംബം മുന്നോട്ടുകൊണ്ടുപോകാനുള്ള വഴിയായിരുന്നു തൊഴിലുറപ്പ്. കഴിഞ്ഞവര്‍ഷം നൂറുപണി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇത്തവണ ഇനിയെന്താകുമെന്ന് അറിയില്ലെന്നാണ് രജിത പറയുന്നത്.
രജിതയ്ക്ക് മാത്രമല്ല ഈ ആശങ്ക. തൊഴിലുറപ്പ് പദ്ധതിയില്‍ ആഗസ്ത് ഒന്നുമുതല്‍ ഒരു പഞ്ചായത്തില്‍ ഒരേസമയം 20 പ്രവൃത്തി മാത്രമേ ഏറ്റെടുക്കാന്‍ പാടുള്ളൂവെന്ന കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ് വന്നതോടെ പല തൊഴിലാളികളുടെയും സ്ഥിതി അനിശ്ചിതത്വത്തിലാണ്. കോവിഡ് പ്രതിസന്ധിയെയും വിലക്കയറ്റത്തെയുമെല്ലാം നേരിടാന്‍ ഓരോ കുടുംബങ്ങള്‍ക്കും ഏറെ ആശ്വാസമായിരുന്നു തൊഴിലുറപ്പ് ജോലികള്‍. കൂടുതലും സ്ത്രീകളാണ് തൊഴിലുറപ്പ് രംഗത്ത് സജീവമായിരുന്നത്. പല കുടുംബങ്ങളിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കിയിരുന്നത് തൊഴിലുറപ്പ് ജോലികളാണ്. കോവിഡിനെ തുടര്‍ന്നും മറ്റും മറ്റ് ജോലികള്‍ക്ക് പോകാന്‍ പറ്റാത്ത അവസ്ഥ വന്നതോടെ പുരുഷന്മാരും വലിയ തോതില്‍ തൊഴിലുറപ്പ് രംഗത്തേക്ക് വന്നിരുന്നു. ഇവരെയെല്ലാമാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഉത്തരവ് ബാധിക്കുന്നത്.
തൊഴിലുറപ്പിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുറേയേറെ സ്ത്രീകള്‍ ചക്കിട്ടപ്പാറ പഞ്ചായത്തില്‍ തന്നെയുണ്ടെന്നാണ് തൊഴിലുറപ്പ് മേറ്റായ രേഷ്മ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. മലയോര മേഖലയായതിനാല്‍ പലപ്പോഴും പ്രായമായ സ്ത്രീകള്‍ക്കും മറ്റും തൊഴില്‍സൈറ്റിലേക്ക് എത്താന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പണിക്ക് വരാന്‍ പറ്റില്ല. തൊഴില്‍ദിനങ്ങള്‍ കൂടി കുറയുമെന്ന സ്ഥിതിയായപ്പോള്‍ ഇവരെല്ലാം ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും രേഷ്മ പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്റെ ഈ ഉത്തരവ് നടപ്പിലാക്കേണ്ടിവന്നാല്‍ ഗ്രാമീണമേഖലയില്‍ ഒരു കുടുംബത്തിന് പ്രതിവര്‍ഷം 100 തൊഴില്‍ദിനം നല്‍കണമെന്ന തൊഴിലുറപ്പ് നിയമം തന്നെ ഇല്ലാതാകുമെന്ന സ്ഥിതിയാണ്. ഗ്രാമീണമേഖലയിലെ ദാരിദ്ര്യം ഇല്ലാതാക്കിയ തൊഴിലുറപ്പ് നിയമം കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
വര്‍ഷംതോറും 100 തൊഴില്‍ദിനം ഉറപ്പാക്കാന്‍ ആവശ്യമായ ഉല്‍പ്പാദന, ആസ്തിവികസന പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ ഇതുവരെ സംസ്ഥാനത്തിന് അധികാരമുണ്ടായിരുന്നു. ഇതിനാണ് കേന്ദ്രം പുതിയ ഉത്തരവിലൂടെ വിലങ്ങിട്ടത്. കേരളത്തില്‍ ഓരോ പഞ്ചായത്തിലും കുറഞ്ഞത് 14 മുതല്‍ 24 വാര്‍ഡുവരെയുണ്ട്. ഓരോ വാര്‍ഡിലും ശരാശരി ഒരേ സമയം 10 പ്രവൃത്തിവരെ ഏറ്റെടുത്താണ് ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും കേന്ദ്ര നിയമപ്രകാരമുള്ള 100 തൊഴില്‍ദിനം ഉറപ്പാക്കിയത്. ഇതാണ് ഒരു പഞ്ചായത്തിന് ഒരേസമയം ഒരു പ്രവൃത്തിയെന്നാക്കി ചുരുക്കുന്നത്.
സംസ്ഥാനത്ത് 16.45 ലക്ഷം കുടുംബങ്ങളിലായി 18.99 ലക്ഷം റജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുണ്ട്. വലിയ പഞ്ചായത്തുകളില്‍ 5000 തൊഴിലാളികള്‍വരെയുണ്ട്. ഒരേ സമയം ഒരു വാര്‍ഡില്‍ ഒരു പ്രവൃത്തിപോലും ഏറ്റെടുക്കാനാകാതെ വരുന്നതോടെ ഇവര്‍ക്ക് നിയമപ്രകാരമുള്ള തൊഴില്‍ദിനങ്ങള്‍ ലഭിക്കില്ല. കൂടുതല്‍ വാര്‍ഡുള്ള പഞ്ചായത്തില്‍ ഒരു തൊഴിലാളിക്ക് 100 തൊഴില്‍ദിനത്തിന്റെ നാലിലൊന്നുപോലും നല്‍കാനാകില്ല.