അംഗീകാരത്തിന്റെ നിറവിൽ മേപ്പയ്യൂർ കുടുംബാരോരോഗ്യ കേന്ദ്രം; തുടർച്ചയായ രണ്ടാം തവണയും മികച്ച ഗുണനിലവാരത്തിനുള്ള കേന്ദ്രസർക്കാറിന്റെ എന്‍.ക്യു.എ.എസ് അംഗീകാരം മേപ്പയ്യൂർ കുടുംബാരോരോഗ്യ കേന്ദ്രത്തിന്
മേപ്പയ്യൂർ: തുടർച്ചയായ അംഗീകാരങ്ങളുടെ നിറവിൽ മേപ്പയ്യൂർ കുടുംബാരോരോഗ്യ കേന്ദ്രം. ആശുപത്രിയിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനം മികച്ച ഗുണനിലവാരത്തോടെ ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എന്‍.ക്യു.എ.എസ്) അക്രഡിറ്റേഷൻ തുടർച്ചയായ രണ്ടാം തവണയും മേപ്പയ്യൂർ കുടുംബാരോരോഗ്യ കേന്ദ്രത്തിന് ലഭിച്ചു.
ഇത് രണ്ടാം തവണയാണ് തുടർച്ചയായി എന്‍.ക്യു.എ.എസ് അക്രഡിറ്റേഷൻ മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിക്കുന്നത്. 89 ആണ് മേപ്പയ്യൂർ കുടുംബാരോഗ്യത്തിന് ലഭിച്ച സ്കോർ. കേരളത്തിൽ നിന്ന് പത്ത്
ആശുപത്രികൾക്കാണ് ഇത്തവണ എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ചത്.
എന്‍.ക്യു.എ.എസ് അംഗീകാരത്തിന്റെ കാലാവധി മൂന്ന് വര്‍ഷമാണ്. കാലാവധിക്ക് ശേഷം ദേശീയ സംഘം ആശുപത്രി വീണ്ടും പരിശോധിക്കും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് പതിനായിരം രൂപ വീതവുമാണ് വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കുക. ആശുപത്രികളുടെ വികസനത്തിന്റെ കുതിപ്പിന് ഈ തുക സഹായമാകും.
എട്ട് വിഭാഗങ്ങളിലായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട്കം എന്നിവയാണ് പരിഗണിക്കുന്ന എട്ട് വിഭാഗങ്ങള്‍.
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവലോകനങ്ങള്‍ നടത്തി ദേശീയതലപഠനത്തിനും യോഗങ്ങള്‍ക്കും ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്.
മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പുരസ്‌കാരങ്ങള്‍ പുതുമയുള്ള കാര്യമല്ല. 2018-19 ആർദ്ര പുരസ്കാരം, 2019-20 ആർദ്ര കേരള പുരസ്കാരം, 2020-21 കായകൽപ്പ പുരസ്കാരം ഒന്നാം സ്ഥാനം, 2020-21 എൻ.ക്യു.എ.എസ് അക്രഡിറ്റേഷൻ തുടങ്ങിയ നേട്ടങ്ങൾ നേരത്തേ മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിനെ തേടിയെത്തിയിട്ടുണ്ട്.
ഒ.പിയിൽ ദിവസേനെ 600 ൽ പരം പേർ ചികിത്സ തേടിയെത്തുന്ന ഈ സ്ഥാപനത്തിൽ ജീവനക്കാർ ഒന്നടങ്കം കഠിനാധ്വാനം ചെയ്താണ് ഈ പുരസ്കാരം കരസ്ഥമാക്കിയത്. ജില്ലയിലെ തന്നെ മികച്ച കുടുംബാരോരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പകർച്ച വ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾക്കും ജീവിത ശൈലി രോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ഇ-ഹെൽത്ത് പദ്ധതി ഉൾപെടെ നിരവധി നൂതന പദ്ധതികൾ ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്നുണ്ട്. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ പൂർണമായ പിന്തുണയോടെ ആണ് ഈ നേട്ടം നേടിയെടുക്കാൻ കഴിഞ്ഞത്. ദേശീയ പുരസ്കാരം നേടിയ കുടുംബാരോരോഗ്യ കേന്ദ്രം ജീവനക്കാരെ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജനും ഭരണ സമിതി അംഗങ്ങളും അനുമോദിച്ചു.
കൂട്ടായ്മയുടെ നേട്ടമാണ് മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച എന്‍.ക്യു.എ.എസ് അംഗീകാരമെന്ന് മേപ്പയ്യൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീശന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെയും മേപ്പയ്യൂര്‍ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹകരണമാണ് ഈ നേട്ടത്തിലെത്താന്‍ സഹായിച്ചത്. ഈ കൂട്ടായ്മയിലൂടെ പ്രതിരോധ കുത്തിവെപ്പ്, പകര്‍ച്ച വ്യാധി നിയന്ത്രണം തുടങ്ങിയ എല്ലാ പദ്ധതികളും ഇവിടെ ഫലപ്രദമായി നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വര്‍ഷമാണ് എന്‍.ക്യു.എ.എസ് അംഗീകാരത്തിന്റെ കാലാവധി. മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും പരിശോധന നടത്തിയാണ് എന്‍.ക്യു.എ.എസ് അംഗീകാരം വീണ്ടും ലഭിക്കുക. അടുത്ത തവണയും മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് എന്‍.ക്യു.എ.എസ് അക്രഡിറ്റേഷന്‍ ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവച്ചു. രക്താതിസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള പദ്ധതി മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.