കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാല്‍ ഭാഗികമായി തുറന്നിട്ടും വെള്ളമെത്തിയില്ല; മേപ്പയ്യൂര്‍ അത്തിക്കോട്ട് ഭാഗത്തെ നെല്‍ക്കര്‍ഷകര്‍ ദുരിതത്തില്‍


മേപ്പയ്യൂര്‍: കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാല്‍ ഭാഗികമായി തുറന്നിട്ടും വെള്ളമെത്താത്തതിനാല്‍ മേപ്പയ്യൂര്‍ അത്തിക്കോട്ട് ഭാഗത്തെ നെല്‍ക്കര്‍ഷകര്‍ ദുരിതത്തില്‍. കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാല്‍ ഭാഗികമായി തുറന്നിട്ടും നടുവത്തൂര്‍ ശാഖാ കനാല്‍ തുറക്കാത്തതും ചില കനാലുകളില്‍ വെള്ളമെത്താത്തതുമാണ് കര്‍ഷകരെ ദുരിത്തിലാക്കിയത്.

രണ്ട് ഏക്കറിലധികം വരുന്ന വയലില്‍ കൃഷിഭവന്റെ സഹകരണത്തോടെ നെല്‍ക്കൃഷിയിറക്കിയ കര്‍ഷകരാണ് ഇതുമൂലം പ്രയാസത്തിലായിരിക്കുന്നത്. പറിച്ചുനടാനുള്ള സമയം അതിക്രമിച്ചിട്ടും വെള്ളം കിട്ടാത്തത് മൂലം ഞാറ്റടി നടാന്‍ കഴിയാതെ നശിച്ചു പോകുകയാണ്.

വേനല്‍ കടുത്തതോടെ കര്‍ഷകരുടെ ഭീതിയും വര്‍ധിച്ചിരിക്കുകയാണ്. കനാല്‍ജലം ലഭിക്കാതെ മുളച്ച ഞാറുകള്‍ ഒന്നാകെ ഉണങ്ങിപ്പോകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പരിഹാരമായി നടുവത്തൂര്‍ ശാഖാ കനാല്‍ ഉടന്‍ തുറക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മേപ്പയ്യൂര്‍ ഞാറ്റുവേല കര്‍ഷകസമിതി ആവശ്യപ്പെട്ടു.