‘പെണ്ണുങ്ങളുടെ കലാപരിപാടി കാണാന്‍ ആണുങ്ങള്‍ വേണ്ട’; ചങ്ങരോത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കുടുംബശ്രീ കലോത്സവം മാറ്റി


പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കലോത്സവ പരിപാടികള്‍ മാറ്റി. പരിപാടികളുടെ കാണികളായി പുരുഷന്മാര്‍ ഉണ്ടാകുന്നതിനെതിരെ ചിലര്‍ രംഗത്തെത്തിയതോടെയാണ് കലോത്സവം മാറ്റാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് പഞ്ചായത്തും വാര്‍ഡ് മെമ്പറും നിലപാടെടുത്തതോടെയാണ് കലോത്സവം മാറ്റിയത്.

തുടര്‍ന്ന് എതിര്‍പ്പ് ഉന്നയിച്ചവര്‍ പെണ്‍പെരുമ എന്ന പേരില്‍ പരിപാടി നടത്തുകയും ചെയ്തു. മദ്രസ കെട്ടിടത്തിലാണ് പകരം പരിപാടി നടന്നത്. കുടുംബശ്രീകളില്‍ മുസ്ലിം സ്ത്രീകള്‍ നിരവധിയുള്ള മേഖലയാണിത്.

ചങ്ങരോത്ത് പഞ്ചായത്തില്‍ എല്ലാ വാര്‍ഡിലും കുടുംബശ്രീ കലോത്സവം സംഘടിപ്പിക്കന്‍ പഞ്ചായത്ത് തീരുമാനിച്ചതാണ്. അതുപ്രകാരം ശനിയാഴ്ച ഒന്നാംവാര്‍ഡിലും പത്തൊമ്പതാം വാര്‍ഡിലും കലോത്സവം നിശ്ചയിക്കുകയുംചെയ്തു.

എന്നാല്‍ ഒന്നാംവാര്‍ഡില്‍ സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ പരിപാടികളുടെ കാണികളായി ജനപ്രതിനിധികള്‍ അടക്കം പുരുഷന്‍മാര്‍ ആരും ഉണ്ടാകരുതെന്ന് ചിലര്‍ അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത് എന്നാല്‍ ഈ രീതിയില്‍ വിഭാഗീയമായി പരിപാടി സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് ഉദ്ഘാടകനാകേണ്ടിയിരുന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയും വാര്‍ഡ് മെമ്പര്‍ കെ.എം. അഭിജിത്തും പിന്നിട് അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചവരെ അറിയിച്ചു.

കുടുംബശ്രീ സി.ഡി.എസ്. ഭാരവാഹികളും ഇങ്ങനെ പരിപാടി നടത്താനാകില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതോടെ പരിപാടി മാറ്റിവെച്ച് മറ്റൊരുദിവസം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.