മേമുണ്ട സ്കൂൾ സമൂഹത്തിന് മാതൃകയാകുന്നു; വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ നൽകുന്നത് 20 ലക്ഷത്തിലധികം രൂപ


വടകര: മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ മുഴുവൻ അധ്യാപകരും, ജീവനക്കാരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് വയനാടിനെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് 20 ലക്ഷത്തിലേറെ രൂപ. മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും മാത്രം ചേർന്ന് അഞ്ച് ലക്ഷത്തി ഇരുപത്തിആറായിരത്തി ഇരുന്നൂറ്റി മൂന്ന് രൂപ പിരിച്ചിരുന്നു . അതേസമയം സ്കൂളിലെ 123 അധ്യാപകരും ജീവനക്കാരും 5 ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും തീരുമാനമായി. ഈ തുക ഏകദേശം 15 ലക്ഷത്തിന് മുകളിൽ വരും. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് ഈ തുക ഗവൺമെൻ്റ് പിടിക്കും.

സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ അവരുടെ പണക്കുടുക്ക പൊട്ടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സ്കൂളിൽ എത്തിച്ചിരുന്നു. വിദ്യാർത്ഥികളും, രക്ഷിതാക്കളും മാത്രം ചേർന്ന് ശേഖരിച്ച 526203 രൂപ കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് സ്കൂൾ അധികൃതർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് കൈമാറി. മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പി ടി എ പ്രസിഡണ്ട് ഡോ: എം വി തോമസ്, പ്രിൻസിപ്പാൾ ബി ബീന, ഹെഡ്മാസ്റ്റർ പി കെ ജിതേഷ് എന്നിവർ ചേർന്നാണ് മന്ത്രിക്ക് ചെക്ക് കൈമാറിയത്.

മുൻ ജീവനക്കാരനായ പി കെ അരവിന്ദാക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി പത്തായിരം രൂപ കഴിഞ്ഞ ദിവസം പ്രിൻസിപ്പാൾ ബീനയെ ഏൽപ്പിച്ചു. ഹയർസെക്കണ്ടറി NSS യൂനിറ്റ് തേങ്ങചാലഞ്ചിലൂടെ പച്ചത്തേങ്ങ സംഭരിച്ച് വിറ്റ് കിട്ടിയ 25000 രൂപ കഴിഞ്ഞ ദിവസം കോഴിക്കോട് RDD സന്തോഷ് കുമാറിന് പ്രിൻസിപ്പാൾ ബീന കൈമാറിയിരുന്നു.

സ്കൂളിലെ അധ്യാപികയായ ഒ കെ ജിഷ കഴിഞ്ഞ പ്രളയ കാലം തൊട്ട് എല്ലാ മാസവും 1000 രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വരുന്നുണ്ട്. സമൂഹത്തിന് മാതൃകയാവുന്ന പ്രവർത്തനങ്ങളാണ് മേമുണ്ട സ്കൂൾ നടത്തിവരുന്നത്. ഇത് അഭിനന്ദനാർഹമാണ്.