‘മരിച്ച് മണ്ണടിഞ്ഞവരുടെ ചിതൽ തിന്ന തലയോട്ടികളല്ല മരണമില്ലാത്ത ചിന്തകൾ പേറുന്ന ജീവനുളള തലച്ചോറുകളാണ് ചരിത്രം രചിച്ചത്’; ജില്ല ശാസ്ത്ര മേളയിൽ ഫസ്റ്റടിച്ച് മേമുണ്ടയുടെ ‘തല’
കുന്ദമംഗലം: ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച ശാസ്ത്ര നാടകം ‘തല’ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാടകത്തിലെ കഥാപാത്രത്തെ ശ്രദ്ധേയമായി അവതരിപ്പിച്ച ഫിദൽ ഗൗതം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രചനയ്ക്കും സംവിധാനത്തിനുമുള്ള അംഗീകാരം ജിനോ ജോസഫിനും ലഭിച്ചു.
നിർമ്മിത ബുദ്ധിയെ ഇതിവൃത്തമാക്കി അന്ധവിശ്വാസത്തിനും പ്രകൃതി ചൂഷണത്തിനുമെതിരായ ശക്തമായ സന്ദേശമായി നാടകം മാറി. ഊരിലെ അന്തവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രബോധം ഉയർത്തിപ്പിടിച്ച അച്ഛനും മകനും കേന്ദ്ര കഥാപാത്രങ്ങളായാണ് നാടകം വികസിക്കുന്നത്. അന്തവിശ്വാസങ്ങള്‍ തുറന്ന് കാട്ടിയ അച്ഛനെ ഊരുവിലക്കി നാടു കടത്തിയെങ്കിലും ശാസ്ത്ര വഴി വിടാതെ പിന്തുടർന്ന മകൻ ഊരുകാരുടെ ആരാധന മൂർത്തിയായ മാടൻ വല്യച്ഛന്റെ തലയോട്ടിക്കകത്ത് എ.ഐ ചിപ്പ് സ്ഥാപിച്ച് പ്രകൃതി ദുരന്തങ്ങളും മറ്റും പ്രവചിക്കുന്നു.
പ്രവചനങ്ങള്‍ പലതും യാഥാർത്ഥ്യമായതോടെ തലയോട്ടിക്കുള്ളില്‍ ഘടിപ്പിച്ച ചിപ്പ് പുറത്തെടുത്ത് ശാസ്ത്ര സത്യം വെളിപ്പെടുന്നിടത്ത് നാടകം അവസാനിക്കുന്നു. മരിച്ച് മണ്ണടിഞ്ഞവരുടെ ചിതല്‍ തിന്ന തലയോട്ടികളല്ല മരണമില്ലാത്ത ചിന്തകള്‍ പേറുന്നവരുടെ ജീവനുള്ള തലച്ചോറുകളാണ് ചരിത്രം രചിച്ചതെന്നും മനുഷ്യർ നിർമ്മിച്ച യന്ത്രങ്ങള്‍ ലോകം നിയന്ത്രിക്കുന്ന കാലത്ത് ഇനിയെങ്കിലും തലച്ചോറ് കൊണ്ട് ചിന്തിക്കണമെന്നും ആഹ്വാനം ചെയ്യുന്ന നാടകത്തെ നിറഞ്ഞ കൈയടിയോടെയാണ് സദസ് ഏറ്റെടുത്തത്.
കഴിഞ്ഞ 20 വർഷമായി ശാസ്ത്ര നാടകത്തില്‍ ജില്ലാ – സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ യാഷിൻറാം.സി.എം, ലാമിയ എസ്.ആർ, നീഹാർ ഗൗതം.വി.കെ, അദ്രിനാദ്, ഇഷാൻ, ഫിദല്‍ ഗൗതം, ഹരിദേവ് ഒതയോത്ത്, വേദിക നിധിൻ എന്നിവരാണ് വേദിയില്‍ കഥാപാത്രങ്ങളായി നിറഞ്ഞാടിയത്. സയൻസ് അദ്ധ്യാപകനായ രാഗേഷ് പുറ്റാറത്ത് നടകസംഘത്തിന് നേതൃത്വം നല്‍കിയത്.
Summary: ‘History is made not by the termite-eaten skulls of the dead but by the living brains of immortal thoughts’; Memunda’s ‘Thala’ debuts at District Science Fair