മൂന്ന് സ്വർണ്ണം, മൂന്ന് വെള്ളി, നാല് വെങ്കല മെഡൽ; സംസ്ഥാന സ്കൂൾ കായികമേളയിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിന് മികച്ച വിജയം
വടകര: ഏറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്ന് സ്വർണ്ണം, മൂന്ന് വെള്ളി, നാല് വെങ്കല മെഡലുകൾ നേടി മികച്ച നേട്ടം കൈവരിച്ച് മേമുണ്ട സ്കൂൾ. മേമുണ്ട സ്കൂളിലെ പത്തൊൻപത് വിദ്യാർത്ഥികളാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്തത്. കരാത്തെ മത്സരത്തിൽ 22 പോയിൻ്റ് നേടി മേമുണ്ട സ്കൂൾ സംസ്ഥാനത്ത് ഓവറോൾ രണ്ടാംസ്ഥാനം നേടി.
ആറ് വിദ്യാർത്ഥികൾ കരാത്തെ വിഭാഗത്തിലും, ആറ് വിദ്യാർത്ഥികൾ വോളിബോൾ വിഭാഗത്തിലും, രണ്ട് വിദ്യാർത്ഥികൾ നീന്തൽ വിഭാഗത്തിലും, രണ്ട് വിദ്യാർത്ഥികൾ ക്രിക്കറ്റിലും, രണ്ട് വിദ്യാർത്ഥികൾ ബാഡ്മിൻ്റണിലും, ഒരു വിദ്യാർത്ഥി ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിലും സംസ്ഥാനത്ത് പങ്കെടുത്തു. കരാത്തെ വിഭാഗത്തിൽ +2 വിദ്യാർത്ഥികളായ അസിൻ, മുഹമ്മദ് നഹദ് എന്നിവർ സ്വർണ്ണ മെഡൽ നേടി.
ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ സ്റ്റാൻ്റിംഗ് ലോംഗ്ജംമ്പിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി കെ.കെ ഷാരോൺ സ്വർണ്ണ മെഡൽ നേടി. സാദിക സാൻവി, ആൻമിയ, വൈഷ്ണവ് എന്നിവർ വോളിബോൾ മത്സരത്തിൽ കോഴിക്കോട് ജില്ലക്ക് വേണ്ടി വെള്ളി മെഡൽ നേടി. ഋതിക മുരളി, മിൻസാര എസ് എസ്, ശ്രീനന്ദ ആർ വി എന്നിവർ വോളിബോളിലും, നിഹ ഷെറിൻ കരാത്തെ മത്സരത്തിലും വെങ്കല മെഡൽ നേടി.
അന്വയ് ദീപക്, റോണ എൻ രാജ് എന്നിവർ കോഴിക്കോട് ജില്ല ബാഡ്മിൻ്റൺ ടീമിന് വേണ്ടി മത്സരിച്ചു. ഗൗതം ശ്രീജിത്ത്, ആനന്ദ് കൃഷ്ണ എന്നിവർ കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീമിന് വേണ്ടി മത്സരത്തിൽ പങ്കെടുത്തു. നിവേദ്, ലയോണ എന്നിവർ സംസ്ഥാന നീന്തൽ മത്സരത്തിലും, ആരോമൽ രാംദാസ്, ഹംദ, തനയ് മാനസ് എന്നിവർ കരാത്തെ മത്സരത്തിലും പങ്കെടുത്തു.
സംസ്ഥാന സ്കൂൾ കായികമേളയിൽ വിജയിച്ച മേമുണ്ടയിലെ നാല് വിദ്യാർത്ഥികളെ ദേശീയ സ്കൂൾ ഗെയിംസിലേക്കുള്ള കേരള ടീമിലേക്ക് തിരഞ്ഞെടുത്തു. അസിൻ, മുഹമ്മദ് നഹദ് എന്നിവർ കരാത്തെ മത്സരത്തിലും, സാദിക സാൻവി, ഋതിക മുരളി എന്നിവർ വോളിബോൾ മത്സരത്തിലും കേരള ടീമിന് വേണ്ടി മത്സരിക്കും.
വിജയിച്ച ടീം മേമുണ്ടയെ ഘോഷയാത്രയോടെ സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് സ്കൂളിൽ അനുമോദന ചടങ്ങ് നടന്നു. പിടിഎ യുടെയും, മാനേജ്മെൻ്റിൻ്റെയും നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങ് മേമുണ്ട സ്കൂൾ മാനേജർ എം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ എൻ.പി പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ പി.കെ ജിതേഷ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ഡോ: എം.വി തോമസ്, പ്രിൻസിപ്പാൾ ബി.ബീന, പി.പി പ്രഭാകരൻ മാസ്റ്റർ, സി.വി കുഞ്ഞമ്മദ്, ആർ.പി രാജീവൻ എന്നിവർ സംസാരിച്ചു. ടി.പി ശ്രീജിത്ത് നന്ദി പറഞ്ഞു. ചടങ്ങിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത പത്തൊൻപത് വിദ്യാർത്ഥികളെയും അനുമോദിച്ചു.
Summary: Three gold, three silver and four bronze medals; Memunda Higher Secondary School achieved great success in the State School Sports Festival