ഉപതിരഞ്ഞെടുപ്പിനൊരുങ്ങി മേലടി ബ്ലോക്ക് പഞ്ചായത്ത്; കീഴരിയൂർ ഡിവിഷനിൽ നവംബർ ഒമ്പതിന് വോട്ടെടുപ്പ്


കൊയിലാണ്ടി: വീണ്ടുമൊരു തിരഞ്ഞെടുപ്പിനൊരുങ്ങി മേലടി. ബ്ലോക്ക് പഞ്ചായത്തിലേക്കുളള ഉപതിരഞ്ഞെടുപ്പ് ആണ് നടക്കുന്നത്. ഇലക്ഷൻ നവംബര്‍ ഒന്‍പതിന് നടക്കും. കീഴരിയൂര്‍ ഡിവിഷനിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി.ഗോപാലന്‍ നായര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഈ ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഗോപാലൻനായർ ജൂൺ പത്തിനാണ് രാജി വെച്ചത്. പ്രസിഡന്റ് സ്ഥാനത്തിനു പുറമെ ബ്ലോക്ക് മെമ്പർ സ്ഥാനവും ഇദ്ദേഹം അന്ന് രാജിവെയ്ക്കുകയുണ്ടായി.

ഒരു പദ്ധതി നിർവ്വഹണത്തിലുണ്ടായ തർക്കമാണ് രാജിയിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. കീഴരിയൂർ ഡിവിഷനിൽ നിന്നാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ സി.പി.എമ്മിലെ കെ.പി.ഗോപാലന്‍ നായരോട് 142 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സിലെ രാജേഷ് കീഴരിയൂര്‍ തോറ്റത്.

ഒക്ടോബര്‍ 21 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തിയ്യതി. നവംബർ ഒൻപതിന് തിരഞ്ഞെടുപ്പ് നടക്കുകയും നവംബര്‍ 10ന് വോട്ടെണ്ണല്‍ നടക്കുകയും ചെയ്യും.

ഈ ഡിവിഷനിലെ ജയപരാജയങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ലെങ്കിലും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി.ഗോപാലന്‍ നായരുടെ രാജിയും മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.

ആകെയുള്ള അംഗങ്ങളില്‍ ഇപ്പോൾ എൽ.ഡി.എഫിന് ഏഴു അംഗങ്ങളാണ് ഉള്ളത്. കൂടാതെ എല്‍.ജെ.ഡിക്കും എന്‍.സി.പിക്കും ഓരോ അംഗങ്ങള്‍ വീതമുണ്ട്. എന്നാല്‍ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും രണ്ട് അംഗങ്ങള്‍ മാത്രമേ ഉള്ളൂ. അതിനാൽ തന്നെ ഈ വിജയം ഭരണത്തെ ബാധിക്കില്ല.