ദേശീയ ഗെയിംസില്‍ സ്വര്‍ണ നേട്ടവുമായി ബാലുശ്ശേരി സ്വദേശിനി മേഘ്‌ന; നേട്ടം ആര്‍ച്ചറി മത്സരത്തില്‍
ബാലുശ്ശേരി: ഗുജറാത്തില്‍ നടന്ന 36ാമത് ദേശീയ ഗെയിംസില്‍ സ്വര്‍ണ നേട്ടവുമായി ബാലുശ്ശേരിയുടെ മേഘ്‌ന കൃഷ്ണ. ബാലുശ്ശേരി എരമംഗലം പീടികക്കണ്ടി പറമ്പില്‍ കര്‍ഷകനായ കൃഷ്ണന്‍കുട്ടി – സിന്ധു ദമ്പതികളുടെ മകളാണ് മേഘ്‌ന.
ദേശീയ ആര്‍ച്ചറി മത്സരത്തില്‍ ടീം ഇനത്തില്‍ സംസ്ഥാനത്തിനായി സ്വര്‍ണം നേടിയാണ് മേഘ്‌നകൃഷ്ണയും ആര്‍ച്ചരാജനും സംസ്ഥാനത്തിന്റെ അഭിമാനതാരങ്ങളായത്. 5-3ന് മണിപ്പൂരിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. മേഘ്‌ന കൃഷ്ണയെ കൂടാതെ കെ.ജെ. ജെസ്‌ന, ആര്‍ച്ച രാജന്‍, എ.വി.ഐശ്വര്യ എന്നിവരും ടീമിനോടൊപ്പം കളത്തിലുണ്ടായിരുന്നു.
ആറുവര്‍ഷമായി അമ്പെയ്ത്തില്‍ പരിശീലനം നേടുന്നുണ്ട്. തൃശൂര്‍ സ്വദേശി ഒ.ആര്‍.രഞ്ജിത്താണ് പരിശീലകന്‍. പുല്‍പള്ളി ആര്‍ച്ചറി അക്കാദമിയിലെ താരമാണ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലാണ് പുല്‍പള്ളിയിലെ അമ്പെയ്ത്ത് പരിശീലനകേന്ദ്രം.
പുല്‍പള്ളി പഴശ്ശിരാജ കോളജില്‍ സാമ്പത്തികശാസ്ത്രത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മേഘ്‌ന ഏഴാം ക്ലാസ് മുതല്‍ പുല്‍പള്ളിയിലെ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കുകയാണ്.
നാഷനല്‍ ഗെയിംസ് വനിതകളുടെ ഇന്ത്യന്‍ റൗണ്ട് വിഭാഗത്തിലാണ് കേരളം സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്.