വഞ്ചിതരായത് നൂറ് കണക്കിനാളുകൾ; പേരാമ്പ്രയിൽ ധനകോടി ചിറ്റ്‌സിലെ ചിറ്റാളന്മാർ നിയമനടപടികളിലേക്ക്
പേരാമ്പ്ര: ധനകോടി ചിറ്റ്സ് പേരാമ്പ്ര ബ്രാഞ്ചിന്റെ കീഴിലുള്ള ധനകോടി ചിറ്റാളന്മാരുടെ കൺവൻഷൻ പേരാമ്പ്ര ആര്യ ടൂറിസ്റ്റ് ഹോമിൽ സംഘടിപ്പിച്ചു. ധനകോടി ചിറ്റ്സ് പേരാമ്പ്ര ശാഖ പൂട്ടിക്കിടക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ബ്രാഞ്ചിന്റെ കീഴിലുള്ള ചിറ്റാളന്മാര്‍ യോഗം ചേര്‍ന്ന് നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. നൂറിലധികം വരുന്ന ചിറ്റാളന്മാര്‍ കണ്‍സ്യൂമര്‍ കോടതിയിലും പോലീസിലും പരാതി നൽകാൻ കണ്‍വന്‍ഷനില്‍ തീരുമാനമായി.
തട്ടിപ്പിനെ തുടര്‍ന്ന് ധനകോടി ചിറ്റ്‌സിന്റെ മുഴുവന്‍ ബ്രാഞ്ചുകളും പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ് പോലീസ്. ഇതോടെ ചിട്ടി വിളിച്ചവർക്കും നിക്ഷേപിച്ചവർക്കും പണം തിരിച്ചു കിട്ടിയില്ല.
കൂട്ടായ്മ പ്രസിഡണ്ട് എ.കെ ഉമ്മർ ഉദ്ഘാടനം ചെയ്തു. മൊയ്തു രയരോത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ മുഹമ്മദ് ബഷീർ നിയമ വശങ്ങൾ വിശദീകരിച്ചു. ബാബു പേരാമ്പ്ര, ബാലകൃഷ്ണൻ നായർ, രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

ധനകോടി ചിറ്റ്സ്, ധനകോടി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ തട്ടിപ്പാണ്. കേസിലെ മുഖ്യപ്രതി ബത്തേരി ഫെയര്‍ലാന്‍ഡ് സ്വദേശി യോഹന്നാന്‍ മറ്റത്തില്‍ അടുത്തിടെ അറസ്റ്റിലായിരുന്നു. നേരത്തെ അറസ്റ്റിലായ സ്ഥാപനത്തിന്റെ ബോര്‍ഡ് അംഗങ്ങളായ സജി എന്ന സെബാസ്റ്റിയന്‍, ജോര്‍ജ് സെബാസ്റ്റിയന്‍ എന്നിവര്‍ റിമാന്‍ഡിലാണ്. മുഴുവന്‍ ക്രമക്കേടുകള്‍ക്കും ഉത്തരവാദി മുന്‍ എം.ഡി യോഹന്നാന്‍ മറ്റത്തിലാണെന്ന് സജി പൊലീസില്‍ കീഴടങ്ങുന്നതിന് മുമ്പായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ബത്തേരി കോട്ടക്കുന്നിലാണ് ധനകോടി ചിറ്റ്സിന്റെയും ധനകോടി നിധി ലിമിറ്റഡിന്റെയും ഹെഡ് ഓഫീസ്. വയനാടിന് പുറമേ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലടക്കം 22 ബ്രാഞ്ചുകളാണ് സ്ഥാപനത്തിനുള്ളത്. ഒട്ടുമിക്ക ബ്രാഞ്ചുകളില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
നിക്ഷേപകരില്‍ നിന്നും വ്യാപകമായി പരാതി ഉയര്‍ന്നതോടെ സ്ഥാപനത്തിന്റെ ഓഫീസുകളെല്ലാം ഏപ്രില്‍ അവസാനത്തോടെ പൂട്ടി ഉടമയും ഡയറക്ടര്‍മാരും ഒളിവില്‍ പോകുകയായിരുന്നു. ശമ്പളവും ആുകൂല്യങ്ങളും മാസങ്ങളായി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ജീവനക്കാര്‍ സമരം നടത്തുകയും ചെയ്തിരുന്നു.