പയ്യോളിയിൽ മീലാദ് കോൺഫറൻസും റാലിയും ഇന്ന്‌; വിപുലമായ പരിപാടികൾ


പയ്യോളി: മുഹമ്മദ് നബിയുടെ 1499ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പയ്യോളിയില്‍ വിപുലമായ പരിപാടികള്‍. ഇന്ന് വൈകിട്ട്‌ പയ്യോളി ബീച്ച് റോഡിലുള്ള ലയൺസ് ക്ലബ്ബ് പരിസരത്ത് പയ്യോളി മീലാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് കോൺഫറൻസിലും റാലിയിലും കേരളത്തിലെ അറിയപ്പെടുന്ന സുന്നി പ്രാസ്ഥാനിക രംഗത്തെ സയ്യിദുമാരും പണ്ഡിതരും പങ്കെടുക്കും. വെകുന്നേരം 4.30ന് പേരാമ്പ്ര റോഡിൽ നെല്യേരി മാണിക്കോത്ത് നിന്നും ആരംഭിക്കുന്ന ബഹുജന നബി സ്നേഹ റാലി പയ്യോളി ബീച്ചിൽ സമാപിക്കും. ദഫ് വൈറ്റ് സംഘങ്ങൾ റാലിയെ അനുഗമിക്കും.

വൈകിട്ട് ഏഴു മണിക്ക് ബീച്ച് റോഡിലുള്ള ലയൺസ് ക്ലബ്ബിന് സമീപം പ്രത്യേകം സജ്ജമാക്കിയ മർഹൂം കാസി കെ.പി മുഹമ്മദ് മുസ്ലിയാർ നഗറിൽ നടക്കുന്ന മീലാദ് കോൺഫറൻസ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ശേഷം നടക്കുന്ന പ്രവാചക പ്രകീർത്തന സദസ്സിന് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നേതൃത്വം നൽകും.

സി മുഹമ്മദ് ഫൈസി, അൻവർ മുഹിയദ്ധീൻ ഹുദവി, കാസി ടി.എസ് ഇബ്രാഹിംകുട്ടി മുസ്ലിയാർ തുടങ്ങിയവർ പ്രവാചക ജീവിത ദർശനങ്ങളെ അപഗ്രദിച്ച് സംസാരിക്കും. പയ്യോളി മുൻസിപ്പാലിറ്റിയിലെ ഇരു വിഭാഗം സുന്നികളുടെയും പണ്ഡിത നേതൃത്വം ഉൾപ്പെടെ സയ്യിദ്മാരും ഉമറാക്കളും ചടങ്ങില്‍ പങ്കെടുക്കും.

പരിപാടിയോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് അസറിന് ശേഷം നടന്ന ഐനിക്കാട് മക്കാം സിയാറത്തിന് ഐപിസി ഗരീബ് നവാസ് അക്കാദമി പ്രിൻസിപ്പാൾ ഹുസൈൻ മിസ്ബാഹി മേൽമുറിയും, നഗരിയിൽ നടന്ന എ.പി വിഭാഗം സുന്നികളുടെ പതാക ഉയർത്തൽ ചടങ്ങിന്‌ ഹാഫിള് സയ്യിദ് ഹുസൈൻ ബാഫഖി തങ്ങളും ഇ.കെ വിഭാഗം സുന്നികളുടെ പതാക ഉയർത്തൽ ചടങ്ങിന് എസ്.വൈ.എസ് കൊയിലാണ്ടിസോൺ സാരഥി അബ്ദുൽ നാസർ സഖാഫി തിക്കോടിയും നേതൃത്വം നൽകി.