ഔഷധ സസ്യങ്ങള്‍ക്കായി ഇനി ഏറെ ദൂരം പോവേണ്ടി വരില്ല, ചക്കിട്ടപാറയില്‍ 100 ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യ കൃഷിയൊരുക്കുന്നു
പേരാമ്പ്ര: കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് നടപ്പിലാക്കുന്ന ഔഷധ സസ്യ കൃഷി ചക്കിട്ടപാറ പഞ്ചായത്തില്‍ 150 ഏക്കര്‍ സ്ഥലത്ത് നടപ്പാക്കും. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ 100 ജെഎല്‍ജി ഗ്രൂപ്പുകള്‍ രൂപീകരിച്ച് 15 ക്ലസ്റ്ററുകളിലായി 100 ഏക്കര്‍ സ്ഥലത്തും പേരാമ്പ്ര പ്ലാന്റേഷന് അകത്ത് 50 ഏക്കര്‍ സ്ഥലത്തുമായാണ് പദ്ധതി നടപ്പിലാക്കുക.
ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡും തമ്മില്‍ പദ്ധതിക്ക് വേണ്ടിയുള്ള ധാരണ പത്രം ഒപ്പുവച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഔഷധ സസ്യ ബോര്‍ഡ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. കെ. ജെ ഡാന്റസ്, ഔഷധ സസ്യ ബോര്‍ഡ് മെമ്പര്‍ ഡോ. സനല്‍ കുമാര്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍ സി.കെ ശശി, പഞ്ചായത്തംഗങ്ങളായ എം എം പ്രദീപ്, ബിന്ദു സജി, കെ. എ ജോസുകുട്ടി, ലൈസ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.