നാദാപുരത്ത് പിടിമുറുക്കി അഞ്ചാംപനി; ഇതുവരെ രോഗം ബാധിച്ചത് 23 പേര്‍ക്ക്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പഞ്ചായത്ത്


നാദാപുരം: അഞ്ചാം പനി പടരുന്ന നാദാപുരത്ത്രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. ഇതോടെ രോഗികളുടെ എണ്ണം 23 ആയി.

നാദാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളില്‍ ഓരോ കുട്ടികളിലും വാര്‍ഡ് നാലില്‍ രണ്ട് കുട്ടികളിലും വാര്‍ഡ് ആറില്‍ ഏഴു കുട്ടികളിലും വാര്‍ഡ് ഏഴില്‍ ആറു കുട്ടികളിലും വാര്‍ഡ് 11 ല്‍ ഒന്ന്, വാര്‍ഡ് 13 ല്‍ ഒന്ന്, വാര്‍ഡ് 17 ല്‍ ഒന്ന്, വാര്‍ഡ് 19 ല്‍ രണ്ട്, വാര്‍ഡ് 21 ല്‍ ഒന്നുള്‍പ്പടെ ഇതുവരെ 23 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യ പ്രവര്‍ത്തകര്‍ 245 വീടുകളില്‍ നേരിട്ട് ബോധവത്കരണം നടത്തി. ഡോര്‍ ടു ഡോര്‍ ക്യാമ്പയനിന്റെ ഭാഗമായി വാക്സിന്‍ എടുക്കാത്ത നാലു കുട്ടികളുടെ വീടുകളില്‍ പോയി അഞ്ചാം പനിക്കെതിരെയുള്ള വാക്‌സിന്‍ നല്‍കി.

പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഖതീബുമാര്‍, മഹല്ലുപ്രതിനിധികള്‍, അമ്പലക്കമ്മിറ്റി പ്രതിനിധികള്‍ എന്നിവരുടെ യോഗം ജനുവരി 18 ന് വൈകുന്നേരം മൂന്ന് മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേരാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.