സ്കൂൾ കുട്ടികൾക്കിടയിൽ ഉൾപ്പടെ എംഡിഎംഎ വില്പന; പേരാമ്പ്ര കടിയങ്ങാട് സ്വദേശി പിടിയിൽ
പേരാമ്പ്ര: സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ എംഡിഎംഎ വൻതോതിൽ വില്പന നടത്തുന്ന ലഹരി മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ. കടിയങ്ങാട് തെക്കേടത്ത് കടവ് സ്വദേശി മേലേടത്ത് ഒ.പി സുനീറാണ് പിടിയിലായത്. പ്രതിയിൽ നിന്നും 11.500 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
കടിയങ്ങാട്, തെക്കേടത്ത് കടവ്, പ്രദേശങ്ങളിൽ ലഹരിക്ക് അടിമകളായ ചെറുപ്പാക്കാർ വീടുകളിലും നാട്ടിലും നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. തുടർന്ന് നാട്ടുകാർ സംഘടിതമായി ലഹരി വിൽപനക്കാർക്കെതിരെ കൂട്ടായ്മ രൂപീകരിച്ചു. സുനീർ ലഹരി വിൽപനയ്ക്കായി പ്രദേശത്ത് എത്തിയപ്പോൾ നാട്ടുകാർ തടഞ്ഞുവെച്ച് പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ ഷെമീർ പി, പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിൻ്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവർ ഉടനെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

മയക്കുമരുന്ന് വില്പന നടത്തി ആർഭാട ജീവിതം നയിക്കുകയാണ് സുനീർ. സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും പെൺകുട്ടികൾക്കും പ്രതി എംഡിഎംഎ വിതരണം ചെയ്യാറുണ്ടെന്നും, നിരവധി ചെറുപ്പക്കാരെ ലഹരിക്ക് അടിമയാക്കി ഡി അഡിക്ഷൻ സെൻററുകളിൽ എത്തിച്ചെന്നും നാട്ടുകാർ ഇയാൾക്കെതിരെ നേരത്തേ പരാതി നൽകിയിരുന്നു. ലഹരി വിരുദ്ധ സ്ക്വാഡ് ഒരാഴ്ചയായി ഇയാളെ നിരീക്ഷിച്ചുവരുന്നതിനിടെയാണ് പിടിയിലാകുന്നത്. പ്രതി സഞ്ചരിച്ച സ്കൂട്ടറും പോലിസ് കസ്റ്റഡിയിലെടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ലഹരിക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവൈഎസ്പി അറിയിച്ചു. പിടിയിലായ പ്രതി സുനീറിന്റെ അടുത്ത ബന്ധുവും അയൽവാസിയുമായ റാഫി എന്ന കോമ്പി റാഫിയെ കഴിഞ്ഞ ദിവസം എംഡിഎംഎ സഹിതം പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.