മാളുകളും ടർഫുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന; കോഴിക്കോട് സ്വദേശി ഉൾപ്പടെ രണ്ട് യുവാക്കൾ പിടിയിൽ


കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് പാക്കറ്റുകളിലായി എത്തിച്ച 226 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കോഴിക്കോട് ഉമ്മളത്തൂർ സ്വദേശി അഭിനവ് (24), കാസർകോട് മഞ്ചേശ്വരം സ്വദേശി മുസമ്മിൽ(27) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് നാർക്കോട്ടിക് അസിസ്റ്റൻറ് കമ്മീഷണർ ബോസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ കുന്നമംഗലം എസ്‌ഐയും സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കാരന്തൂരിലെ ലോഡ്ജിൽ നിന്ന് പിടിയിലായത്.

ചില്ലറ വിൽപനക്കാർക്കും നഗരത്തിലെ മാളുകളും ടർഫുകളും കേന്ദ്രീകരിച്ചാണ് യുവാക്കൾ എം ഡി എം എ വിൽപന നടത്തുന്നത് . ലഹരി മരുന്നുകൾ ചെറിയ പായ്ക്കറ്റുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മുസമ്മിലിനെതിരെ സംസ്ഥാനത്തിന് അകത്തും പുറത്തും മോഷണക്കേസുകളും ലഹരി വിൽപന കേസുകളുമുണ്ട്.

സിറ്റി ഡാൻസാഫ് എസ്‌ഐ മനോജ് എടയേടത്ത്, അബ്ദുറഹ്‌മാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അഖിലേഷ്, അനീഷ് മൂസ്സാൻ വീട്, എം കെ ലതീഷ്, പി കെ സരുൺ കുമാർ, എം ഷിനോജ്, എൻ കെ ശ്രീശാന്ത്, പി അഭിജിത്ത് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.