വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ എംഡിഎംഎ വിൽപന; കോഴിക്കോട് യുവാവ് അറസ്റ്റിൽ
കോഴിക്കോട്: വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ എം ഡി എം എ വിൽപന നടത്തുന്ന യുവാവ് അറസ്റ്റിൽ. ഓമശ്ശേരി സ്വദേശി മൂലങ്ങൽ പൂതൊടികയിൽ ഹൗസിൽ ആഷിക്ക് അലി (24) യാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് വിൽപ്പനക്കായി കൊണ്ടുവന്ന 4.25 ഗ്രാം എം ഡി എം എ കണ്ടെത്തി.
എൻ ഐ ടി പരിസരത്തും കട്ടാങ്ങലിലും വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കുന്ദമംഗലം എസ് ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. കള്ളൻതോട് ബസാറിന് സമീപത്തുവെച്ചാണ് ആഷിക്ക് പിടിയിലായത്.
ആവശ്യക്കാർ വാട്സാപ്പിലൂടെയാണ് ഇയാളുമായി ബന്ധപ്പെട്ടാറുള്ളതെന്ന് പോലിസ് പറയുന്നു. ലഹരി ഉപയോഗിക്കാൻ പണം കണ്ടെത്താനാണ് എം ഡി എം എ വിൽപനക്കിറങ്ങിയത്.