എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയിൽ; ബാലുശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട, വിതരണക്കാരായ മൂന്ന് യുവാക്കൾ പിടിയിൽ
ബാലുശ്ശേരി: ബാലുശ്ശേരിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. വിൽപനയ്ക്കായുള്ള മയക്കുമരുന്നുമായി മൂന്ന് യുവാക്കളാണ് ബാലുശ്ശേരി പോലീസിന്റെ പിടിയിലായത്. നന്മണ്ട താനോത്ത് അനന്തു (22), പുല്ലു മലയിൽ ജാഫർ (26) പുല്ലുമലയിൽ മിർഷാദ് പി (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.
6.82 ഗ്രാം എം.ഡി.എം.എ, 7.5 ഗ്രാം കഞ്ചാവ്, 13.20 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയ്ക്ക് പുറമേ കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇലക്ടോണിക്ക് ത്രാസ്സ്, പ്ലാസ്റ്റിക്ക് കവറുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ബാലുശ്ശേരി, കാക്കൂർ, താമരശ്ശേരി, അത്തോളി തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥിരം മയക്കുമരുന്ന് വിതരണക്കാരാണ് പിടിയിലായ യുവാക്കൾ.
ഇവർ മുമ്പ് ഇത്തരം കേസുകൾക്ക് ജയിലിലായി അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയവരുമാണ് പിടിക്കപ്പെട്ടവരെന്ന് പോലീസ് അറിയിച്ചു. . ജില്ലയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും പ്രധാന വിതരണക്കാരുമാണ് ഇവർ. KL 7 AA 9888 നമ്പർ കാറിൽ യാത്ര ചെയ്യവേയാണ് ഇവർ പിടിക്കപ്പെട്ടത്. പ്രതികളെ വലയിലാക്കാൻ കഴിഞ്ഞത് ബാലുശ്ശേരി പോലീസിന്റെ മയക്കുമരുന്ന് വേട്ടയിൽ മറ്റൊരു പൊൻതൂവലായി.
ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ പെട്ട എസ്റ്റേറ്റ് മുക്കിൽ വെച്ച് ബാലുശ്ശേരി പോലീസ് ഇൻസ്പെക്ടർ എം.കെ സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ റഫീഖ്, ഡ്രൈവർ ബൈജു, സിപിഒ മാരായ അശ്വിൻ, അരുൺരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Summary: MDMA, Cannabis, Hashish Oil; Big drug hunt in Balussery, three youths who are distributors arrested