എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്, എ.എന്‍.ഷംസീര്‍ സ്പീക്കറാകും, എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചു; പുനസംഘടനയിലൂടെ മുഖം മിനുക്കാനൊരുങ്ങി സര്‍ക്കാര്‍


തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് സംസ്ഥാന മന്ത്രിസഭയിലേക്ക്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജി വച്ചു. ഈ ഒഴിവിലേക്കാണ് രാജേഷ് മന്ത്രിയായി എത്തുന്നത്. വകുപ്പ് ഏതാകുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല.

എം.ബി.രാജേഷിന് പകരം പുതിയ നിയമസഭാ സ്പീക്കറായി തലശ്ശേരി എം.എല്‍.എ അഡ്വ. എ.എന്‍.ഷംസീറിനെയും തീരുമാനിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

സജി ചെറിയാന് പിന്നാലെ എം.വി.ഗോവിന്ദനും മന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചതോടെയാണ് പുനസംഘടന അനിവാര്യമായത്. ഉദുമ എം.എല്‍.എ സി.എച്ച്.കുഞ്ഞമ്പു, പൊന്നാനി എം.എല്‍.എ പി.നന്ദകുമാര്‍ എന്നീ പേരുകളും ആദ്യഘട്ടത്തില്‍ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടെങ്കിലും ഒടുവില്‍ എം.ബി.രാജേഷിന്റെ പേരിലേക്ക് എത്തുകയായിരുന്നു.

തൃത്താല എം.എല്‍.എയായ എം.ബി.രാജേഷ് മുമ്പ് രണ്ട് തവണ തുടര്‍ച്ചയായി പാലക്കാട് ലോക്‌സഭയില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ എം.ബി.രാജേഷ് വി.ടി.ബല്‍റാമിനെ പരാജയപ്പെടുത്തിയാണ് തൃത്താലയില്‍ നിന്ന് നിയമസഭയിലെത്തിയത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് എ.എന്‍.ഷംസീര്‍ തലശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തുന്നത്. 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തലശ്ശേരി ഉള്‍പ്പെട്ട വടകര മണ്ഡലത്തില്‍ മത്സരിച്ചാണ് അദ്ദേഹം ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലെത്തിയത്. അന്ന് മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ട ഷംസീര്‍ 2016 ല്‍ തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിക്കുകയായിരുന്നു. പിന്നീട് 2021 ലും അദ്ദേഹം തലശ്ശേരിയില്‍ നിന്ന് വിജയിച്ചു.


ഈ വാർത്തയെ കുറിച്ചുള്ള അഭിപ്രായം വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: MB Rajesh to become Minister, AN Shamseer chosen for Speaker post decides CPM state committee. Breaking News.