‘തല’യുമായി ബെം​ഗ്ളൂരിവിലേക്ക്; ആറാം തവണയും ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ


വടകര: നാളെയും മറ്റന്നാളുമായി (നവംബർ 14, 15) ബെംഗളൂരുവിൽ വച്ച് നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ. തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രനാടക മത്സരത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും ലഭിച്ചാണ് മേമുണ്ടയുടെ ശാസ്ത്രനാടകം “തല” ബെംഗളൂരുവിൽ അരങ്ങേറുന്നത്. മേമുണ്ട ഇത് ആറാം തവണയാണ് ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതിൽ വിജയിച്ച് നാല് തവണ ദേശീയ ശാസ്ത്രനാടക മത്സരത്തിലും മേമുണ്ട പങ്കെടുത്തു.

നിർമ്മിത ബുദ്ധിയിലൂടെ ലോകം കൈവരിച്ച പുരോഗതിയും, അത് ലോകത്ത് ഉണ്ടാക്കുന്ന മാറ്റങ്ങളും ശാസ്ത്രനാടകം “തല” പ്രേക്ഷകരിൽ എത്തിക്കുന്നു. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ഈ കാലത്തും, മനുഷ്യർ അന്ധവിശ്വാസങ്ങൾക്ക് പിന്നാലെ പായുന്നതിലെ യുക്തിയില്ലായ്മ ശാസ്ത്രനാടകം വരച്ച് കാട്ടുന്നു. ശാസ്ത്രകുതുകിയായ ഒരു വിദ്യാർത്ഥി തൻ്റെ നാട്ടിലെ അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്നതും, അവസാനം ശാസ്ത്രത്തിൻ്റെ കൈപിടിച്ച് ആ നാടിനെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിക്കുന്നതുമാണ് നാടകത്തിൻ്റെ ഇതിവൃത്തം.

യാഷിൻറാം, ലാമിയ, നീഹാർ ഗൗതം, അദ്രിനാഥ്, ഇഷാൻ, ഫിദൽഗൗതം, ഹരിദേവ് ഒതയോത്ത്, വേദിക നിതിൻ എന്നിവർ ഈ നാടകത്തിൽ വേഷമിടുന്നു. പ്രശസ്ത നാടക സംവിധായകൻ ജിനോ ജോസഫാണ് മേമുണ്ടയുടെ ശാസ്ത്രനാടകം തലയുടെ രചനയും, സംവിധാനവും നിർവഹിച്ചത്. സംസ്ഥാന ശാസ്ത്രനാടക മത്സരത്തിൽ ജിനോ ജോസഫിനായിരുന്നു മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത്. ഇതേ നാടകത്തിലെ ഇഷാൻ സംസ്ഥാനത്തെ മികച്ച നടനുള്ള അവാർഡും കരസ്ഥമാക്കി.

ബെംഗളൂർ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം ആണ് ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിന് ആധിത്യം അരുളുന്നത്. കേരളം, കർണ്ണാടക, തമിഴ്നാട്, തെലുങ്കാന, പോണ്ടിച്ചേരി എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പത്ത് ശാസ്ത്ര നാടകങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നു. ഇതിൽ വിജയിക്കുന്ന രണ്ട് നാടകങ്ങൾ ദേശീയ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കും.

Description:Memunda Higher Secondary School is all set to participate in the South Indian Science Drama Competition for the sixth time