‘സര്‍വ്വരാജ്യ തൊഴിലാളികളേ, സംഘടിക്കുവിന്‍’; ഉജ്ജ്വലമായ സമരപോരാട്ടങ്ങളുടെ സ്മരണ ഉണര്‍ത്തി ഒരു മെയ് ദിനം കൂടി


മെയ് ഒന്ന്. മെയ് ദിനം അഥവാ ലോക തൊഴിലാളി ദിനമാണ് ഇന്ന്. എട്ടു മണിക്കൂര്‍ തൊഴില്‍, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന വ്യവസ്ഥ അംഗീകരിച്ചതിനെ തുടര്‍ന്നാണ് മെയ് ദിനം ആചരിച്ച് തുടങ്ങിയത്. ലോകത്തെ എണ്‍പതോളം രാജ്യങ്ങള്‍ മെയ്ദിനം പൊതു അവധി നല്‍കി ആചരിക്കുന്നുണ്ട്.

തൊഴിലാളികളെയും അവര്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെയും ഒപ്പം അവരുടെ അവകാശങ്ങളെയും ഓര്‍ക്കാനുള്ള ദിവസമാണ് മെയ് ദിനം. അമേരിക്കയില്‍ 1800 കളുടെ തുടക്കത്തില്‍ 12 മണിക്കൂറായിരുന്നു തൊഴില്‍ സമയം. എത്ര മോശം സാഹചര്യത്തിലും ആഴ്ച മുഴുവന്‍ പണിയെടുക്കുക എന്ന ദുരവസ്ഥയ്‌ക്കെതിരെ അമേരിക്കയിലാകെ തൊഴിലാളികള്‍ യൂണിയനുകളായി സംഘടിച്ചു.

തുടര്‍ന്ന് അമേരിക്ക സാക്ഷ്യം വഹിച്ചത് വലിയ സമരത്തിനാണ്. രാജ്യവ്യാപകമായി നടന്ന സമരത്തിന്റെ പ്രധാന ആവശ്യം തൊഴില്‍ സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നായിരുന്നു. സമരത്തിന്റെ മൂന്നാം ദിവസം ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ സമാധാനപരമായി യോഗം ചേര്‍ന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ആരോ ബോംബ് എറിഞ്ഞു. ഇതിനെ തുടര്‍ന്ന് പൊലീസ് തൊഴിലാളികള്‍ക്ക് നേരെ തുടര്‍ച്ചയായി വെടി വെക്കുകയും ചെയ്തു.

ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മെയ് ഒന്ന് ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്. 1904 ല്‍ ആംസ്റ്റര്‍ഡാമില്‍ വച്ചു നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് തൊഴില്‍ സമയം എട്ടുമണിക്കൂറാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി.

ആല്‍ബര്‍ട്ട് പാഴ്‌സന്‍സ്, അഗസ്റ്റ് സ്പീസ്, അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ്ജ് എന്‍ഗല്‍ എന്നീ നാല് തൊഴിലാളികളാണ് ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയില്‍ പൊലീസിന്റെ വെടിയുണ്ടകളേറ്റ് രക്തസാക്ഷികളായത്. ഇവരുടെ രക്തസാക്ഷിത്വത്തോടെ അമേരിക്കയില്‍ നിന്ന് തൊഴിലാളി സമരം ലോകമാകെ വ്യാപിച്ചു. പലയിടങ്ങളിലും തൊഴിലാളികള്‍ക്ക് നേരെ പൊലീസ് വെടിവെപ്പ് ഉണ്ടാവുകയും നിരവധി പേര്‍ മരിച്ച് വീഴുകയും ചെയ്തു. എന്നാല്‍ ഓരോ രക്തസാക്ഷിത്വങ്ങളും സമരത്തിന്റെ വീര്യം കൂട്ടുകയാണ് ചെയ്തത്.

‘രക്തപങ്കിലമായ മെയ്’ എന്നാണ് ജര്‍മ്മനിയില്‍ മെയ് ദിനം അറിയപ്പെടുന്നത്. അമേരിക്ക, കാനഡ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ മെയ് ദിനം അംഗീകരിച്ചിട്ടില്ല. അതേസമയം മെയ് ദിനം ഏറ്റവും വലിയ രീതിയില്‍ ആഘോഷിക്കുന്നത് ചൈനയിലാണ്. മെയ് ഒന്ന് മുതല്‍ ചൈനയില്‍ ഒരാഴ്ചക്കാലം ‘വു യി’ എന്ന പേരില്‍ പൊതു അവധിയാണ്. തൊഴിലാളികള്‍ ഈ ഏഴ് ദിവസങ്ങള്‍ വിനോദസഞ്ചാര വാരമായി ആഘോഷിക്കുന്നതാണ് പതിവ്.

ഏവര്‍ക്കും പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ മെയ് ദിനാശംസകള്‍.