”കൈകളില്‍ തോക്കുമേന്തി രാത്രി മഴയത്താണ് അവര്‍ വീട്ടിലേക്കെത്തിയത്, ‘ഞങ്ങള്‍ മാവോയിസ്റ്റുകളാണ്, ബഫര്‍ സോണ്‍ വിഷയത്തില്‍ ആരും കുടിയിറങ്ങരുത്, മുഴുവന്‍ സംരക്ഷണവും ഞങ്ങള്‍തരും’ ” പശുക്കടവിലെ വീട്ടിലെത്തിയ മാവോയിസ്റ്റുകള്‍ പറഞ്ഞത്


കുറ്റ്യാടി: ബഫര്‍സോണ്‍ വിഷയത്തില്‍ ആരും കുടിയിറങ്ങരുതെന്നും തങ്ങള്‍ സംരക്ഷണം തരുമെന്നും പശുക്കടവിലെത്തിയ മാവോയിസ്റ്റുകള്‍ പറഞ്ഞതായി വീട്ടുകാര്‍. പശുക്കടവ് പൃക്കന്‍തോട് തായിപ്പുരയിടത്തില്‍ ആന്‍ഡ്രൂസിന്റെ വീട്ടിലെത്തിയാണ് മാവോയിസ്റ്റുകള്‍ ഇങ്ങനെ പറഞ്ഞത്.

രാത്രി നല്ല മഴയത്താണ് മാവോയിസ്റ്റ് സംഘം വീട്ടിലെത്തിയത്. ആന്‍ഡ്രൂസ് വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മാതാപിതാക്കളും കുട്ടിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. തോക്കുകള്‍ കൈയിലേന്തിയാണ് സംഘം എത്തിയത്. തുടര്‍ന്ന് ഒരാള്‍ വീട്ടുകാരോട് പറഞ്ഞു, ‘ ഞങ്ങള്‍ മാവോയിസ്റ്റുകളാണ്.. പശുക്കടവില്‍ കുറച്ചുദിവസം മുമ്പ് പോസ്റ്റര്‍ ഒട്ടിച്ചത് ഞങ്ങളാണ്.”

തുടര്‍ന്ന് തങ്ങളെപ്പറ്റി പൊതുസമൂഹത്തിനുള്ള അഭിപ്രായം എന്താണെന്ന് ഇവര്‍ വീട്ടുകാരോട് ആരാഞ്ഞു. തുടര്‍ന്നാണ് ബഫര്‍സോണ്‍ വിഷയത്തില്‍ കുടിയിറങ്ങരുതെന്ന് പറഞ്ഞത്. വീട്ടുകാരോട് വളരെ സൗമ്യമായാണ് സംഘം പെരുമാറിയതെന്നും ആന്‍ഡ്രൂസ് പറഞ്ഞു.

സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞിരുന്നു. പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ശ്രീമതി എന്ന ഉണ്ണിമായ, സുന്ദരി, ലത എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. മൂന്നുപേരും കര്‍ണാടക സ്വദേശികളാണ്. പുരുഷന്‍ ആരെന്ന് വ്യക്തമായിട്ടില്ല.

മാവോയിസ്റ്റുകള്‍ എത്തിയ പ്രദേശത്ത് തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ തുടരുന്നുണ്ട്. ജൂലൈ ഒന്നിന് പശുക്കടവ് അങ്ങാടിയില്‍ ബഫര്‍സോണ്‍ വിഷയത്തില്‍ മാവോവാദി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സി.പി.ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലായിരുന്നു പോസ്റ്ററുകള്‍ പതിച്ചത്.