പശുക്കടവില്‍ മാവോയിസ്റ്റുകള്‍; പിറക്കന്‍തോട് സ്വദേശിയുടെ വീട്ടിലെത്തിയത് നാലംഗ സംഘം
തൊട്ടില്‍പ്പാലം: പശുക്കടവില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പിറക്കന്‍തോട് സ്വദേശി ആന്‍ഡ്രൂസിന്റെ വീട്ടിലാണ് നാലംഗ സംഘം എത്തിയത്. വെള്ളിയാഴ്ച രാത്രി എഴ് മണിയോടെയായിരുന്നു സംഭവം. മൂന്നുസ്ത്രീകളും ഒരു പുരുഷനുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ഇവര്‍ക്കെതിരെ തൊട്ടില്‍പ്പാലം പൊലീസ് യു.എ.പി.എ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഘത്തിലെ ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് തൊട്ടില്‍പ്പാലം പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
വയനാടന്‍ കാടുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കബനീദളത്തിലെ അംഗങ്ങളാണ് ഇവര്‍. സംഘം പത്തുമിനിറ്റിലേറെ വീട്ടില്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മലയാളം കന്നട ഭാഷകളിലാണ് ഇവര്‍ സംസാരിച്ചത്. രണ്ടാഴ്ച മുമ്പ് പശുക്കടവ് ടൗണില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍ പതിച്ചിരുന്നു. ഈ പോസ്റ്റര്‍ പതിച്ചത് തങ്ങള്‍ ആണെന്ന് വീട്ടുകാരോട് വെളിപ്പെടുത്തി. ശേഷം വനമേഖലയിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.