യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വടകരയില്‍ പാലോളിപ്പാലം മുതല്‍ പുതിയ ബസ് സ്റ്റാന്റ് വരെ വന്‍ ഗതാഗതകുരുക്ക്
വടകര: ദേശീയപാതയില്‍ വടകര പാലോളിപ്പാലം മുതല്‍ പുതിയ ബസ് സ്റ്റാന്റ് വരെ വന്‍ ഗതാഗതകുരുക്ക്. പുതിയ ബസ് സ്റ്റാന്റിലെ റോഡ് പണിയാണ് രൂക്ഷമായ ഗതാഗതകുരുക്കിന് കാരണം. 12മണി മുതല്‍ തുടങ്ങിയ കുരുക്ക് തുടരുകയാണ്. ഇതോടെ കൊയിലാണ്ടി – വടകര ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ വലഞ്ഞിരിക്കുകയാണ്.
നിലവില്‍ പാലോളിപ്പാലം, കോട്ടക്കടവ് ഭാഗങ്ങളില്‍ വാഹനങ്ങള്‍ മെല്ലെയാണ് നീങ്ങുന്നത്. നിരന്തരമുണ്ടാകുന്ന കുരുക്ക് യാത്രക്കാരെ പോലെ ബസ്, ഓട്ടോ, ജീപ്പ് ഡ്രൈവര്‍മാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കൃത്യ സമയത്ത് പലപ്പോഴും സ്റ്റാന്റുകളില്‍ വാഹനങ്ങള്‍ എത്തിക്കാന്‍ സാധിക്കതെ വരും. മാത്രമല്ല ദിവസവും മണിക്കൂറുകളോളം പൊരിവെയിലില്‍ നിരങ്ങി നിരങ്ങി വാഹനങ്ങള്‍ പോവുന്നതും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
പുതിയ സ്റ്റാന്റിലെ നിര്‍മ്മാണ പ്രവൃത്തികള്‍ കാരണം മിക്ക ദിവസങ്ങളിലും വടകര ടൗണില്‍ ഗതാഗത കുരുക്ക് ഉണ്ടാവാറുണ്ട്. മാത്രമല്ല ഇന്നലെ പെയ്ത കനത്ത മഴയില്‍ മണിക്കൂറുകളോളമാണ് വടകര ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടത്. ഇന്ന് രാവിലെ ദേശീയപാതയിലും വന്‍ ഗതാഗതകുരുക്കായിരുന്നു. ഇന്നലെ പെയ്ത മഴയില്‍ പയ്യോളി മുതല്‍ നന്തി വരെയുള്ള പല ഭാഗങ്ങളിലും വെള്ളവും ചെളിയും നിറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് വാഹനങ്ങള്‍ നിരങ്ങിയാണ് രാവിലെ നീങ്ങിയത്.
Description: Massive traffic jam in Vadakara from Kottakkadavu to New Bus Stand