വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍; എട്ട്‌ മൃതദേഹങ്ങള്‍ കണ്ടെത്തി, നിരവധി പേരെ കാണാതായി


കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വന്‍ ഉരുള്‍പൊട്ടല്‍. മുണ്ടക്കൈയില്‍ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ എട്ടുപേരുടെ മൃതദേഹം കണ്ടെത്തി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് നാലുമണിയോടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രയാസം നേരിടുന്നുണ്ട്.

400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. പൊലീസും ഫയര്‍ഫോഴ്‌സും എന്‍.ഡി.ആര്‍.എഫും ജനപ്രതിനിധികളും ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.

നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യര്‍ഥനകളും പുറത്തുവരുന്നുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.റവന്യു മന്ത്രി കെ രാജന്‍, മന്ത്രി ഒ.ആര്‍ കേളു ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലേക്ക് തിരിച്ചു. താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് മാത്രമാണ് യാത്രാനുമതി. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാരപാതയൊരുക്കണം.

കണ്‍ട്രോള്‍ റും തുറന്നു.

ഉരുള്‍പൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാന്‍ 9656938689, 8086010833 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.