വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തം; 26ന് ബഹുജനപ്രക്ഷോഭം


വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ് (റെയിൽവേ മെയിൽ സർവീസ്) കെട്ടിടം ഒഴിപ്പിക്കുന്നതിനെതിരെ ബഹുജന പ്രക്ഷോഭം നടത്താൻ ആർ.എം.എസ്. സംരക്ഷണസമിതിയുടെ തീരുമാനം. 26ന് വൈകീട്ട് വടകര കോട്ടപ്പറമ്പ് മൈതാനിയിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌.

ജൂലായ് 23-ന് റെയിൽവേ ഡിവിഷണൽ എൻജിനിയർ ആർ.എം.എസ്. കാലിക്കറ്റ് ഡിവിഷൻ സൂപ്രണ്ടിന് അയച്ച കത്തിലാണ് ‘അമൃത് ഭാരത്’ പദ്ധതിപ്രകാരം നവീകരണം നടക്കുന്നതിനാൽ റെയിൽവേയുടെ സ്ഥലത്തുള്ള ആർ.എം.എസ് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത്. ആർ.എം.എസ് വിഭാഗം മാറ്റി സ്ഥാപിക്കുന്നതിന് റെയിൽവേ ഡിവിഷണൽ എൻജിനിയർക്ക് പകരം സ്ഥലമാവശ്യപ്പെട്ട് കത്തയച്ചെങ്കിലും റെയിൽവേ ഇത് നിരസിക്കുകയായിരുന്നു.

അമൃത് ഭാരത് പദ്ധതിപ്രകാരം വലിയ വികസനം നടക്കുന്ന വടകര സ്റ്റേഷനിലെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്താണ് ആർ.എം.എസ് ഓഫീസുള്ളതെന്നും എത്രയും പെട്ടെന്ന് ഇത് ഒഴിയണമെന്നുമാണ് പുതിയ നിർദേശം. ഓഫീസ് മാറ്റി സ്ഥാപിക്കാൻ യോജിച്ച കെട്ടിടം റെയിൽവേ സ്റ്റേഷനിലില്ല.

മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സംരക്ഷണസമിതി ചെയർമാൻ രഞ്ജിത്ത് കണ്ണോത്ത്, വി.കെ. വിനു, ആർ.എം. ഗോപാലൻ, എൻ.കെ. മോഹനൻ, കെ.പി. പ്രകാശൻ, കെ.വി. ജയരാജൻ, ടി.പി. വാസു, വി.പി. ദിവാകരൻ, കെ. ജിജിത്, കെ.വി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Description:Mass agitation on 26th against closure of Vadakara RMS Office