സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; പൊതുചടങ്ങുകളില്‍ സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവ്


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകള്‍ കൂടുന്നിടത്തും മാസ്‌ക് ധരിക്കണം. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ പുതുക്കിയാണ് സംസ്ഥാനം ഇപ്പോള്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതു ചടങ്ങുകളില്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കി. സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍ വെക്കണമെന്നും നിര്‍ദേശമുണ്ട്. ഈ മാസം 12ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാല്‍ ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നിലവി ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാല്‍ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ വ്യാപനം ഉണ്ടായിരുന്നപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതിന്റെ കാലാവധി തീര്‍ന്നപ്പോള്‍ നിയന്ത്രണം നീട്ടുന്നതിനാണ് പുതിയ വിജ്ഞാപനമെന്നാണ് വിശദീകരണം.