കൊയിലാണ്ടി മുചുകുന്ന് കോളേജിലെ പ്രകോപനപരമായ മുദ്രാവാക്യം, എം.എൽ.എയുടെ സ്റ്റാഫിനെ പുറത്താക്കുക’; കൊയിലാണ്ടി എം.എൽ.എ ഓഫീസിലേക്ക് യു.ഡി.വൈ.എഫിന്റെ ബഹുജന മാർച്ച്‌


കൊയിലാണ്ടി: മുചുകുന്ന് ഗവ.കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിന്‌ പുറത്ത് അക്രമത്തിനും കൊലവിളി മുദ്രാവാക്യത്തിനും നേതൃത്വം നൽകിയ കാനത്തിൽ ജമീല എം.എൽ.എയുടെ സ്റ്റാഫ് വൈശാഖിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് എം.എൽ.എ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. യു.ഡി.വൈ.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് കെ.പി.സി.സി മെമ്പറും, കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റുമായ കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

ക്യാമ്പസുകളിലും എല്ലാം കോളേജുകളിലും എസ്.ഐഫ്.ഐയുടെ കിരാത നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട്, സിപിഎം, ഡി.വൈ.എഫ്.ഐയുടെ ഫാസിസത്തിനെതിരെയുള്ള വലിയ വിദ്യാർത്ഥി വിധി വന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെയൊക്കെ ഏറ്റവും മനോഹരമായ റിസൽട്ടുകളാണ്‌ ക്യാമ്പസുകളിൽ കാണുന്നതെന്നും കെ.എം അഭിജിത്ത് ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു.

കൊയിലാണ്ടി ലീഗ് ഓഫീസിന് മുമ്പിൽ നിന്ന് ആരംഭിച്ച മാർച്ച് 10മണിയോടെ ടൗൺഹാളിൽ പ്രവർത്തിക്കുന്ന എം.എൽ.എ ഓഫീസിന് മുമ്പിലെത്തി. ഇവിടെ കൊയിലാണ്ടി സി.ഐ ശ്രീലാൽ ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാരിക്കേഡ് വെച്ച് പ്രവർത്തകരെ തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് ഓഫീസിനുള്ളിലേക്ക് ശ്രമിക്കുകയും ചെറിയ രീതിയിൽ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്‌ മിസബ് കീഴരിയൂർ, യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം വൈസ് പ്രഡിഡണ്ട് റാഷിദ് മുത്താമ്പി, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് റിയാസ്, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഫാസിൽ നടേരി, കെ.എസ്.യു സംസ്ഥാന സമിതി അംഗം എ.കെ ജാനിബ്, എം.എസ്.എഫ് യൂത്ത് വിംഗ് കൺവീനർ ആസിഫ് കലാം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഫായിസ്, യൂത്ത് കോൺഗ്രസ് നേതാവ് മഠത്തിൽ അബ്ദുറഹിമാൻ, രാജേഷ് കീഴരിയൂർ എന്നിവർ സംസാരിച്ചു.