‘കൃഷിയിടങ്ങളും ജനവാസ മേഖലകളും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ബഫര്‍ സോണില്‍ ഉള്‍പ്പെട്ട നിലയില്‍, പ്രദേശം ജനവാസ മേഖലയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ഗൂഢാലോചന’; ബഫര്‍സോണ്‍ വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ചെമ്പനോട വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും


പെരുവണ്ണാമൂഴി: ചെമ്പനോട വില്ലേജിനെ പൂര്‍ണമായി ബഫര്‍സോണില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരേ ഇന്ന് രാവിലെ പത്തിന് ചെമ്പനോട വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ചെമ്പനോടയിലെ ബഫര്‍സോണ്‍ വിരുദ്ധസമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

ചക്കിട്ടപാറ പഞ്ചായത്തിലെ 1, 2, 3, 4 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ചെമ്പനോട വില്ലേജിലെ മുഴുവന്‍ കൃഷിയിടങ്ങളും ജനവാസ മേഖലകളും ഉപഗ്രഹ സര്‍വേ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബഫര്‍ സോണില്‍ ഉള്‍പ്പെട്ട നിലയിലാണ്. കൃഷിയിടങ്ങള്‍ മാത്രം കാണിച്ചുകൊണ്ട് മലയോര കര്‍ഷക ജനതയെ മന:പൂര്‍വം കുടുക്കില്‍പ്പെടുത്തി ജനവാസ മേഖലയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ഗൂഢാലോചനയാണിത്. ചെമ്പനോട വഴി നിര്‍ണയിച്ചിരുന്ന മലയോര ഹൈവേ പോലും മാറ്റാനുള്ള നീക്കം ഇതിനു പിന്നിലെ ഗൂഡ നീക്കമാണെന്നുംബഫര്‍ സോണ്‍ വിരുദ്ധ സമിതി നേതാക്കള്‍ ആരോപിച്ചു.

ചെമ്പനോട വില്ലേജില്‍ പതിനായിരത്തിലധികം ജനസംഖ്യയുള്ളപ്പോള്‍ സര്‍ക്കാര്‍ രേഖകളില്‍ കേവലം അയ്യായിരത്തോളം പേര്‍ മാത്രമാണുള്ളതെന്നും ഇത് 2011 ലെ സെന്‍സസ് പ്രകാരമുള്ള കണക്ക് മാത്രമാണ്. എന്നാല്‍ വീടുകളും കെട്ടിടങ്ങളും കുറവ് കാണിച്ച് വില്ലേജിനെ പൂര്‍ണമായി ബഫര്‍ സോണില്‍പ്പെടുത്താനുള്ള കുതന്ത്രമായ നീക്കത്തിനെതിരേ ചെമ്പനോട വില്ലേജിലെ നിവാസികള്‍ ജാതി- മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി ചെറുക്കുമെന്നും അറിയിച്ചു.

ഫാ.ജോണ്‍സണ്‍ പാഴുക്കുന്നേല്‍, കെ.എ.ജോസുകുട്ടി, രാജീവ് തോമസ്, മാത്യു പേഴത്തിങ്കല്‍, ജീമോന്‍ സ്രാമ്പിക്കല്‍, സാബു മലയാറ്റൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.