മരമുത്തശ്ശിയോ? അതെന്താ; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി മേപ്പയ്യൂരിലെ 400 വര്‍ഷം പഴക്കമുള്ള മരമുത്തശ്ശി


മേപ്പയ്യൂര്‍: എന്റെ മുത്തശ്ശിയുടെ മുത്തശി ഉണ്ടാവുന്നതിനും മുൻപുള്ള മരമോ? അതെന്തു വലുതായിരിക്കും? മരമുത്തശ്ശിയെന്ന് കേട്ടത് മുതല്‍ അതിനെ നേരില്‍ കാണാനും തൊട്ടറിയാനുമുള്ള കൗതുകത്തിലായിരുന്നു വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍പതാംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വെങ്ങിലേരി തറവാട്ടില്‍ ആവേശത്തോടെ എത്തിയവര്‍ മരമുത്തശ്ശിയെ കണ്ടു. പഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാരം ഏകദേശം 400-ല്‍ അധികം വര്‍ഷമാണ് ഇതിന്റെ പ്രായം കണക്കാക്കുന്നത്. പരിസ്ഥിതിപ്രവര്‍ത്തകനും പക്ഷിനിരീക്ഷകനുമായ എന്‍ കെ സത്യന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ ഏഴ് വര്‍ഷം മുമ്പാണ് ഇത്തരമൊരു പ്രവര്‍ത്തനം നടത്തിയത്.

പരിസ്ഥിതിദിനാചരണത്തിന്റെ സമാപനവേളയിലാണ് കുട്ടികളില്‍ കൗതുകമുണര്‍ത്തുന്ന പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സുനില്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഒമ്പതാം വാര്‍ഡ് മെമ്പര്‍ മിനി അശോകന്‍ അധ്യക്ഷത വഹിച്ചു. വി.കുഞ്ഞിരാമന്‍ കിടാവ് ആശംസകള്‍ അറിയിച്ച് സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.കെ. ദീജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ് കെ ശ്രീലേഷ് നന്ദിയും പറഞ്ഞു.