”നവമി കഴിഞ്ഞ് നാട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു, എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു…”; വാഹനാപകടത്തില്‍ മരിച്ച മണിയൂര്‍ സ്വദേശി ആദിഷിന് വിട നല്‍കി നാട്‌


വടകര: ‘നവമി കഴിഞ്ഞ് ലീവിന് നാട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു, അതിനിടയിലാണ് അപകടവിവരം അറിയുന്നത്……എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ച മണിയൂര്‍ തൈവച്ച പറമ്പത്ത്‌ ആദിഷിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാന്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞിട്ടില്ല. ലീവിന് വരുമ്പോള്‍ നാട്ടിലെ എല്ലാ പരിപാടിക്കും മുന്നില്‍ അവനുണ്ടാകുമായിരുന്നു. നാട്ടിലെ ഭാവന കലാ-സാംസ്‌കാരിക വേദിയിലും സജീവമായിരുന്നു.

ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഏലൂര്‍ കുറ്റിക്കാട്ടുകരയിലുണ്ടായ വാഹനാപകടത്തിലാണ്‌ ആദിഷും സുഹൃത്തും ഇടുക്കി സ്വദേശിയുമായ രാഹുല്‍ രാജും മരണപ്പെടുന്നത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോവുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മിനി ലോറിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചിരുന്നു.

ആറ് മാസങ്ങള്‍ക്ക് മുമ്പാണ് എസി മെക്കാനിക്കായി എറണാകുളത്ത് പുതിയ കമ്പനിയില്‍ ആദിഷ് ജോയിന്‍ ചെയ്ത്. അടുത്തിടെ ഓണം ലീവിന് നാട്ടില്‍ വന്നിരുന്നു. അന്ന് വാങ്ങിയ പുതിയ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് നിനച്ചിരിക്കാതെ അപകടത്തില്‍പ്പെടുന്നത്.
ഇന്നലെ രാത്രി 10മണിയോടെ നാട്ടിലെത്തിച്ച മൃതദേഹം 11 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

അച്ഛന്‍: രമേശന്‍ ടി.പി
അമ്മ: ബീന
സഹോദരന്‍: അനന്തു ടി.പി.

Description: Maniyur resident Adish who died in a car accident has been cremated