നാടന്‍പാട്ടും നൃത്തവും തുടങ്ങി മൂന്ന് നാള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍; മണിയൂർ ഫെസ്റ്റ് ഡിസംബർ 27 മുതൽ
വടകര: മണിയൂര്‍ പഞ്ചായത്ത് സംഘടിപ്പിക്കുന്ന മണിയൂര്‍ ഫെസ്റ്റ് ഡിസംബര്‍ 27,28,29 തീയതികളിലായി നടക്കും. സിനിമാ-നാടക രംഗത്തെ അറിയപ്പെടുന്ന കലാകാരന്മാരുടെ വിവിധ പരിപാടികള്‍ മൂന്ന് ദിവസങ്ങളിലായി നടക്കും. നിര്‍മല്‍ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന സംഗീത നൃത്ത വിരുന്ന്, നിഷാദും സംഘവും അവതരിപ്പിക്കുന്ന കലാപരിപാടികള്‍, കേരള ഫോക് ലോര്‍ അക്കാദമിയുടെ നാടന്‍പാട്ട് മേള, മണിയൂരിലെ അങ്കണവാടി, കുടുംബശ്രീ, വയോജനം, ഭിന്നശേഷി വിഭാഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും.
വിവിധ പവിലിയനുകളിലായി കുടുംബശ്രീ ഉത്പന്നങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, കൈത്തറി വസ്ത്രം എന്നിവയുടെ വിപണനമേള, കുട്ടികൾക്ക് വിനോദങ്ങൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
തുറശ്ശേരി മുക്കിൽ ഒരുക്കുന്ന ഫെസ്റ്റിന് സ്വാഗതസംഘം രൂപീകരിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ എന്നിവർ മുഖ്യഭാരവാഹികളായി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.
Description: Maniyur Fest from 27th December