മണിയൂര്‍ എടത്തുംകര പയനുമ്മൽ പുല്ലരിയോട് മലയില്‍ വീണ്ടും ചെങ്കല്‍ ഖനനത്തിന് നീക്കം; പ്രതിഷേധവുമായി നാട്ടുകാര്‍, കലക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങി ജനകീയ പ്രതിരോധസമിതി


വടകര: മണിയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ എടുത്തുംകര പയനുമ്മൽ പുല്ലരിയോട് മലയില്‍ വീണ്ടും ചെങ്കല്‍ ഖനനം ആരംഭിക്കാന്‍ നീക്കം. ഇതെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ജനകീയ പ്രതിരോധസമിതി രൂപീകരിച്ചു. 2 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ പ്രദേശത്ത് ചില വ്യക്തികള്‍ ചെങ്കല്‍ ഖനനം ആരംഭിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് സംബന്ധമായ പ്രശ്‌നങ്ങളും നാട്ടുകാരുടെ എതിര്‍പ്പും തുടര്‍ന്നതോടെ ഖനനം അവസാനിപ്പിച്ച് സംഘം മടങ്ങുകയായിരുന്നു.

ഇപ്പോള്‍ ഇതേ സ്ഥലത്ത് ഖനനം നടത്താനായി ജിയോളജി വകുപ്പില്‍ നല്‍കിയ അപേക്ഷ പ്രകാരം അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്താന്‍ എത്തിയപ്പോഴാണ് വീണ്ടും ഖനനം തുടങ്ങാനുള്ള നീക്കം നാട്ടുകാര്‍ അറിയുന്നത്. മുമ്പ് വന്നവര്‍ തന്നെയാണ് വീണ്ടും ഖനനത്തിനായി അപേക്ഷ നല്‍കിയത് എന്നാണ് ലഭിക്കുന്ന വിവരം.

ജിയോളജി വകുപ്പിന്റെ പരിശോധനയ്ക്ക് പിന്നാലെ ഖനനം തുടങ്ങിയാലുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജനകീയ പ്രതിരോധ സമിതി പഞ്ചായത്ത്, വില്ലേജ് ഓഫീസ്, ജിയോളജി വകുപ്പ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഖനനം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപത്തായി അംഗന്‍വാടിയടക്കം നിരവധി വീടുകളുണ്ട്. ചെരിവുള്ള പ്രദേശമായതിനല്‍ ഇവിടെ ഖനനം വീണ്ടും തുടര്‍ന്നാല്‍ പാരിസ്ഥികമായി വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാവുകയെന്ന് സമിതി അംഗം ടി.എം അശോകന്‍ വടകര ഡോട് ന്യൂസിനോട്‌ പറഞ്ഞു. മാത്രമല്ല വെള്ളത്തിന്റെ കുത്തൊഴുക്ക് വര്‍ധിക്കുകയും, ഒപ്പം മണ്ണിടിച്ചിനും സാധ്യതയുണ്ട്. കൂടാതെ വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമവും ഉണ്ടാവാന്‍ സാധ്യതയുണ്ട്.

മാത്രമല്ല ഖനനം തുടങ്ങിയാല്‍ അതിന്റെ ശബ്ദം അംഗന്‍വാടിക്കും പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ടാവുകയും ചെയ്യും. പ്രശ്‌നത്തില്‍ പരിഹാരമായില്ലെങ്കില്‍ വരും ദിവസം ജനകീയ പ്രതിരോധസമിതി ജില്ലാ കലക്ടര്‍ക്ക്‌ പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ടി.എം രമേശന്‍ കണ്‍വീനറായിട്ടുള്ള സമരസമിതിയുടെ ചെയര്‍മാന്‍ ചന്ദ്രന്‍ പാറോല്‍ ആണ്. സി.സുരേന്ദ്രന്‍, വി.കെ സുരേന്ദ്രന്‍, സരുണ്‍കൃഷ്ണ, ടി.എം അശോകന്‍, കെ.കണാരന്‍ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍