മണിയൂര്‍ ബ്രാഞ്ച്, ആയഞ്ചേരി കനാല്‍ ഭാഗങ്ങള്‍ നവീകരിക്കും; കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ പുനരുദ്ധാരണത്തിനായി 10 കോടി രൂപ


കുറ്റ്യാടി: കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ പുനരുദ്ധാരണത്തിനായി 10 കോടി രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. എട്ട് നിയോജക മണ്ഡലങ്ങളിലായി തകരാറിലായി കിടക്കുന്ന കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണങ്ങളുടെ അടിയന്തിര പുനരുദ്ധാരണത്തിനായാണ് അനുമതി ലഭിച്ചത്. 2021 വര്‍ഷം നിലവിലുണ്ടായ തകരാറുകള്‍ പ്രകാരം സമര്‍പ്പിച്ച പ്രപ്പോസലിനാണ് അംഗീകാരം ലഭിച്ചത്.

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മംഗലാട് അക്യൂഡക്റ്റ്, പൊയില്‍പാറ ഭാഗത്തുള്ള കനാല്‍, മണിയൂര്‍ ബ്രാഞ്ച് കനാല്‍ ഭാഗങ്ങള്‍, പൂവാമ്പുഴ ഡിസ്ട്രിബ്യൂട്ടറി കനാല്‍ ഭാഗങ്ങള്‍, ആയഞ്ചേരി കനാല്‍ ഭാഗങ്ങള്‍, ചേരാപുരം സബ് ഡിസ്ട്രിബ്യൂട്ടറി കനാല്‍ ഭാഗങ്ങള്‍, പെരുവയല്‍ കനാല്‍ ഭാഗങ്ങള്‍ ഉള്‍പ്പെടെയാണ് ഈ പദ്ധതി പ്രകാരം പുനരുദ്ധാരണം നടത്തുന്നത്.

എട്ട് നിയോജക മണ്ഡലങ്ങളിലായി ആകെ 44 പ്രവര്‍ത്തികള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ആറ് പ്രവര്‍ത്തികള്‍ കുറ്റ്യാടി നിയോജകമണ്ഡലത്തിലാണ്.