മണിമല നാളികേര പാർക്ക് യാഥാർത്ഥ്യമാകുന്നു; ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ


കുറ്റ്യാടി: 2025 വർഷത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മണിമലയിൽ 11KV/433V 250 KVA ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുകയാണെന്ന്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതിയൊരുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കെഎസ്ഇബിയാണ് പ്രവർത്തി നടപ്പാക്കുന്നത്‌.

വ്യവസായങ്ങൾക്ക് ആവശ്യമായ സ്ഥലങ്ങൾ ഒരുക്കുന്നതിന്റെ പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സമർപ്പിച്ചു കഴിഞ്ഞു. രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റാനുള്ള ടെൻഡർ കെഎസ്ഐഡിസി ക്ഷണിച്ചിട്ടുണ്ട്. വ്യവസാരംഗത്ത് വലിയ മുന്നേറ്റം തന്നെയാണ് ഈ പദ്ധതി വഴി കേരള സർക്കാർ ലക്ഷ്യമിടുന്നതെന്നും എംഎൽഎ അറിയിച്ചു.

കുറ്റ്യാടിയുടെ സ്വപ്നപദ്ധതിയായ മണിമല നാളികേര പാർക്കിന്റെ രണ്ടാം ഘട്ട പ്രവൃത്തി ഡിസംബറില്‍ ആരംഭിക്കുമെന്ന്‌ എംഎൽഎ ഒക്ടോബറില്‍ അറിയിച്ചിരുന്നു. 2025ന്റെ ആദ്യ മാസങ്ങളിൽ തന്നെ വ്യവസായങ്ങൾക്ക് തുറന്നു കൊടുക്കാൻ പറ്റുന്ന രീതിയിൽ പ്ലോട്ടുകൾ ക്രമീകരിച്ച്, വാഹനങ്ങൾക്ക് പോകാവുന്ന ഇന്റേണൽ റോഡുകൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഒരു കോടി രൂപയുടെ മണിമല നാളികേര പാർക്ക് രണ്ടാം ഘട്ട പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി വഴി നടപ്പിലാക്കാൻ തീരുമാനമായതായും എംഎല്‍എ അറിയിച്ചിരുന്നു.

Description: Manimala coconut park becomes a reality; KP Kunjammat Kutty Master MLA