ഓടിയെത്തി നാട്ടുകാര്‍, ജനല്‍ തുരന്ന് തേങ്ങകള്‍ പുറത്തേക്ക് എറിഞ്ഞു; മംഗലാട് തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു, നാട്ടുകാരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
ആയഞ്ചേരി: മംഗലാട് തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. കിഴക്കയില്‍ സൂപ്പി ഹാജിയുടെ വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടയ്ക്കാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടിച്ചത്. വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് തേങ്ങാക്കൂട. ഉച്ചയോടെയാണ് കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ സൂപ്പി ഹാജിയും വീട്ടുകാരും നാട്ടുകാരെ വിളിച്ചു വരുത്തി.
സംഭവസ്ഥലത്ത് എത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ തീ കെടുത്തി. ശേഷം ഉള്ളിലുണ്ടായിരുന്ന തേങ്ങകള്‍ മുകളിലത്തെ ജനല്‍ തുരന്ന് പുറത്തേക്ക് മാറ്റി. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ എസ്.വരുണിൻ്റെ നേതൃത്വത്തിലുള്ള രണ്ട് ഫയർ യൂണിറ്റുകളും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് സേനയുടെ നേതൃത്വത്തില്‍ തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടായില്ല.
സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ സജി ചാക്കോ സി, ഫയർ ഓഫീസർമാരായ സജീഷ്.എം, ഷാംജിത്ത് കുമാർ കെ.പി, പ്രബീഷ് കുമാർ കെ.കെ, അനൂപ് കെ.കെ, ആദർശ് വി.കെ,സുധീഷ് എസ്.ഡി തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഏതാണ്ട് അഞ്ഞൂറോളം തേങ്ങ പൂര്‍ണമായും കത്തികരിഞ്ഞതായാണ് വിവരം. സ്ഥലം വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ചു.പഞ്ചായത്തിലും വില്ലേജിലും പരാതി നല്‍കുമെന്ന്
മെമ്പർ പറഞ്ഞു.
Description: Mangalad coconut grove caught fire