കനത്ത മഴയില്‍ വ്യാപകനാശം; ഭാഗികമായി തകര്‍ന്ന്‌ മഞ്ചേരിക്കടവ്, കടോളിക്കടവ് പാലങ്ങള്‍, ആശങ്കയില്‍ പ്രദേശവാസികള്‍


നാദാപുരം: കനത്ത മഴയില്‍ രണ്ട് പാലങ്ങള്‍ ഭാഗികമായി തകര്‍ന്നതോടെ പുളിയാവ് പ്രദേശവാസികള്‍ ഒറ്റപ്പെട്ടു. ചെക്യാട് -നാദാപുരം പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന മഞ്ചേരിക്കടവ് പാലം, ചെക്യാട്-തൂണേരി ഗ്രാമപഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന കടോളിക്കടവ് പാലം എന്നിവയാണ് ഇന്നലെ പെയ്ത കനത്ത മഴയില്‍ ഭാഗികമായി തകര്‍ന്നത്‌. രണ്ട് പാലങ്ങളുടെയും കൈവരികൾ തകരുകയും പാലത്തിന്റെ ഫില്ലറുകൾക്ക് തകരാറ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്‌.

വിലങ്ങാട് ഉരുള്‍പൊട്ടലിന്റെ ഭാഗമായി വെള്ളം ശക്തിയായി കയറിയതാണ് പാലങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണം. ഇന്നലെ പാലത്തിന്റെ കൈവരികള്‍ മാത്രമായിരുന്നു തകര്‍ന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ പാലത്തിന്റെ ഫില്ലറുകള്‍ക്കും തകരാര്‍ സംഭവിച്ചു.

ഈ രണ്ട് പാലങ്ങളിലൂടെയാണ് വടകര, തലശ്ശേരി ഭാഗങ്ങളിലേക്ക് പുളിയാവ് പ്രദേശവാസികള്‍ യാത്ര ചെയ്യുന്നത്. രണ്ട് പാലങ്ങളും തകര്‍ന്നതോടെ 6-7 കിലോമീറ്ററുകള്‍ താണ്ടിയാണ് പ്രദേശവാസികള്‍ നാദാപുരം, പേരോട് എന്നിവിടങ്ങളില്‍ എത്തുന്നത്.

കനത്ത മഴയില്‍ പാലത്തിന്റെ ഇരുവശത്തുമുള്ള റോഡുകളും സൈഡ് ഭിത്തികളും തകർന്നിട്ടുണ്ട്‌. ദിനംപ്രതി നിരവധി വാഹനങ്ങളാണ് രണ്ട് പാലങ്ങളിലൂടെയും കടന്ന് പോവുന്നത്. പുളിയാവ് നാഷണൽ കോളേജ് – ചെക്യാട് മലബാർ വിമൺസ് കോളേജ്‌, പേരോട് എംഐഎം ഹൈസ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ പാലം തകര്‍ന്നതോടെ ഇവിടങ്ങളിലേക്ക് എത്തിപ്പെടാന്‍ കഷ്ടപ്പെടുകയാണ്. പാലങ്ങളുടെ തകര്‍ച്ച ബന്ധപ്പെട്ട അധികാരികളോട് സംസാരിച്ചിട്ടുണ്ടെന്നും, വിഷയത്തില്‍ അവര്‍ എത്രയും പെട്ടെന്ന് ഇടപെടുമെന്നാണ് വിശ്വാസിക്കുന്നതെന്നും പുളിയാവ് വാർഡ് മെമ്പർ അറിയിച്ചു.