‘താനും കുടുംബവും ആത്മഹത്യയുടെ വക്കിൽ’; സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മനാഫ്
കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി മനാഫ്. യൂട്യൂബ് ചാനലുകളിലെ വിദ്വേഷ വീഡിയോകൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് മനാഫ് പരാതിയിൽ ചൂണ്ടികാട്ടി. ഒക്ടോബർ രണ്ടിന് പരാതി നൽകിയിട്ടും ഇതുവരെ കേസെടുത്തില്ലെന്നാണ് മനാഫിന്റെ ആരോപണം. മതസ്പർധ വളർത്തുന്ന പ്രചരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മനാഫ് പരാതിയിൽ പറയുന്നു.
അതിനിടെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ നിന്നും മനാഫിനെ ഒഴിവാക്കും. അർജുന്റെ കുടുംബം ചേവായൂർ പൊലീസിന് നൽകിയ മൊഴിയിൽ മനാഫിന്റെ പേര് പരാമർശിച്ചിരുന്നില്ല. തുടർന്നാണ് എഫ്.ഐ.ആറിൽ നിന്നും പേര് നീക്കം ചെയ്യാൻ തീരുമാനിച്ചത്.
അർജുന്റെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച്ച രാത്രിയാണ് ചേവായൂർ പൊലീസ് കേസെടുത്തത്. സാമുദായിക സ്പർധ സൃഷ്ടിക്കുന്നതും കലാപത്തിന് സാധ്യതയൊരുക്കുന്നതുമായ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.