കോഴിക്കോട് റെയിൽവേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് കാഞ്ചീപുരം സ്വദേശി


കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ന് സ്‌റ്റേഷനില്‍ എത്തിയ മംഗളൂരു-കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നും വീണാണ് ഇയാള്‍ മരിച്ചത്‌. സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെയായിരുന്നു അപകടം.

എസി കമ്പാർട്മെന്റിലെ ഡോറിലിരുന്ന ഒരാള്‍ സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്ത ഉടനെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ ഇയാളെ കമ്പാർട്ട്മെന്റിൽ നിന്നും ഒരാള്‍ തളളിയിട്ടതാണെന്നാണ് സംശയം. സംഭവത്തിൽ ഒരാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനിലെ ജീവനക്കാരാനായ ഒരാളാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ ശരവണനെ തള്ളിയിടുന്നതായി കണ്ടെന്ന് ഒരു യാത്രക്കാരി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. എസി കമ്പാട്ട്‌മെന്റില്‍ കയറിയ ശരവണനും ഇയാളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും പിന്നാലെയാണ് ശരവണന്‍ ട്രെയിനില്‍ നിന്നും വീണത് എന്നാണ് ലഭിക്കുന്ന വിവരം. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുരുങ്ങിയാണ് ശരവണന്‍ മരിച്ചത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.