കഫേയുടെ മറവില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ വില്‍പ്പന, ലക്ഷ്യം കോളേജ് വിദ്യാര്‍ത്ഥികള്‍; കോഴിക്കോട് യുവാവ് അറസ്റ്റില്‍


കോഴിക്കോട്: കഫേയുടെ മറവില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്‍പ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. ഫാറൂഖ് കോളേജിന് സമീപം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കച്ചവടം നടത്തിയിരുന്ന മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത്ത് വീട്ടില്‍ മുഹമ്മദ് ഷഫീര്‍ (27) ആണ് പിടിയിലായത്.

ഫാറൂഖ് കോളേജിന് സമീപം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍കോട്ടിക് സ്‌കോഡ് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്.

കോളേജിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്‌പോട് കഫേയുടെ മറവിലാണ് ഷഫീര്‍ വന്‍തോതില്‍ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. സമീപ കാലത്ത് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പെടുന്നവര്‍ അധികവും വിദ്യാര്‍ത്ഥികളാണെന്ന് കോഴിക്കോട് നാര്‍കോട്ടിക് സെല്‍ അസ്സി. കമ്മീഷണര്‍ പ്രകാശന്‍ പി പടന്നയില്‍ പറഞ്ഞു.

‘നമ്മുടെ യുവതലമുറയെ ആണ് ലഹരി മാഫിയ ലക്ഷ്യം വെക്കുന്നത്. സ്‌കൂള്‍, കോളേജ് എന്നിവ കേന്ദ്രീകരിച്ച് വന്‍തോതില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ട്. കൗതുകത്തിന് തുടങ്ങി പിന്നീട് ഉപയോഗിക്കാന്‍ പണത്തിനായി ലഹരി കച്ചവടത്തിലേക്കും പിന്നീട് മറ്റ് കുറ്റകൃത്യങ്ങളിലേക്കും യുവ തലമുറ ചെന്നെത്തുന്നു. രക്ഷിതാക്കളുടെ കൃത്യമായ നിരീക്ഷണതിലുടെയും ബോധവത്കരണങ്ങളിലൂടെയും മാത്രമേ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം കുറച്ചുകൊണ്ട് വരുവാന്‍ സാധിക്കൂ. ഇത്തരം കേസുകളില്‍ ലഹരി വില്‍പ്പന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും.’ -നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

ജില്ലാ ആന്റി നര്‍ക്കോട്ടിക് സെല്‍ സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍സാഫ്), സബ് ഇന്‍സ്പെക്ടര്‍ അനൂപ്. എസിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേര്‍ന്നാണ് പ്രതി പിടികൂടിയത്. ഡാന്‍സാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹിമാന്‍ സീനിയര്‍ സി.പി.ഒ കെ അഖിലേഷ്, അനീഷ് മൂസാന്‍വീട് സി.പി.ഒ അര്‍ജുന്‍ അജിത്, പന്തീരാങ്കാവ് സ്റ്റേഷനിലെ സി.പി.ഒ രഞ്ജിത് എം, ഫാറൂഖ് സ്റ്റേഷനിലെ എസ്.ഐ. ബാവ രഞ്ജിത് ടി.പി, ഡ്രൈവര്‍ സി.പി.ഒ സന്തോഷ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.