മഫ്തി പൊലീസ് പരിശോധന നടത്തിയത് കൊയിലാണ്ടി സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്; ഇരുപത് ദിവസം മുമ്പ് കഞ്ചാവുമായി നാട്ടിലെത്തിയ ബംഗാള്‍ സ്വദേശി ലക്ഷ്യമിട്ടത് അതിഥി തൊഴിലാളികള്‍ക്ക് വില്‍ക്കാന്‍


കൊയിലാണ്ടി: നന്തിയില്‍ വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ കഞ്ചാവുമായി പിടിയിലായത് ബംഗാള്‍ സ്വദേശി. സോലാപൂര്‍ സ്വദേശിയായ ഇരുപതുകാരന്‍ ഹസന്‍ അലിയാണ് രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി ഇന്ന് ഉച്ചയോടെ പിടിയിലായത്.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കാനാണ് ഹസന്‍ അലി നന്തിയിലെത്തിയത്. ഇത് സംബന്ധിച്ച രഹസ്യ വിവരം കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാറിന് ലഭിച്ചു. തുടര്‍ന്നാണ് മഫ്തി പൊലീസ് നന്തിയിലെത്തിയത്.

മഫ്തി പൊലീസിന്റെ രഹസ്യ നിരീക്ഷണത്തില്‍ ഹസന്‍ അലി കഞ്ചാവ് ഇടപാട് നടത്തുന്നത് കാണുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു.

കൊയിലാണ്ടി നന്തിയിൽ വൻ കഞ്ചാവ് വേട്ട: രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ മഫ്ടി പൊലീസ് പിടികൂടി

കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി.മണിയുടെ സാന്നിധ്യത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ എം.എല്‍.അനൂപ്, അരവിന്ദ്, എ.എസ്.ഐ അഷ്‌റഫ്, സി.പി.ഒമാരായ പി.സതീഷ് കുമാര്‍, സനുലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.