പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊൻകണിയൊരുക്കി മലയാളികൾ; എല്ലാ വായനക്കാർക്കും വടകര ഡോട്ട് ന്യൂസിന്റെ വിഷു ആശംസകൾ
ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊൻകണിയൊരുക്കി മലയാളികൾ വിഷുവിനെ വരവേറ്റു. കണിക്കൊപ്പം കൈനീട്ടം നൽകിയാണ് വിഷു ആഘോഷം. മേടപുലരിയിൽ കണ്ണനെ കണികണ്ടുണരുന്ന മലയാളികൾക്ക് കണിക്കൊന്ന ഒഴിച്ചുകൂട്ടാനാവാത്തതാണ്. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളുമുണ്ടാകും.
കണി കണ്ട ശേഷം കൈനീട്ടമാണ്. വീട്ടിലെ മുതിർന്നവർ കയ്യിൽ വച്ച് നൽകുന്ന അനുഗ്രഹം കൂടിയാണ് കൈനീട്ടം. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പോയവാരത്തിന്റെ ഓർമകൾ പുതുക്കൽ കൂടിയാണ് ഓരോ ആഘോഷങ്ങളും.
കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. പുതിയ തുടക്കം. പുതിയ പ്രതീക്ഷ. വീടുകളിലെല്ലാം ഇന്നലെ കണി ഒരുക്കലിന്റെ രാത്രിയായിരുന്നു. ഓട്ടുരുളിയിൽ നിലവിളക്കിനും ശ്രീകൃഷ്ണ വിഗ്രഹത്തിനും മുന്നിൽ കണിക്കൊന്നയും കായ്കളും കനികളും കോടി മുണ്ടും കണ്ണാടിയുമെല്ലാം അണിനിരത്തി കണിയൊരുക്കി. ഇന്ന് പുലർച്ചെ നിലവിളക്ക് തെളിയിച്ചാണ് പൊൻകണിയിലേക്കു മിഴി തുറന്നത്. എല്ലാ വായനക്കാർക്കും വടകര ഡോട്ട് ന്യൂസിന്റെ വിഷു ആശംസകൾ.
വിഷു അവധി പ്രമാണിച്ച് വടകര ഡോട്ട് ന്യൂസിൽ സാധാരണ രീതിയിലുള്ള ന്യൂസ് അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.