‘നമുക്ക് ഇതൊന്നു നോക്കിയാലോ?’ നിഷയുടെ ജീവിതത്തില്‍ നിര്‍ണായകമായത് ഈ ചോദ്യം; മരുന്നു പരിക്ഷണത്തിലൂടെ കാന്‍സര്‍ ഭേദമായി മലയാളി പെണ്‍കുട്ടി
നമുക്ക് ഇതൊന്നു നോക്കിയാലോ?’- ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലെ ഡോ. ആന്‍ഡ്രിയ സെര്‍സിയുടെ വാക്കുകള്‍ മലയാളിയായ നിഷ വര്‍ഗീസിനു നല്‍കിയത് പ്രതീക്ഷയുടെ പൊന്‍വെട്ടമായിരുന്നു. ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന പുതിയ മരുന്നു പരീക്ഷിക്കാന്‍ തയാറായ മലാശയ അര്‍ബുദ ബാധിതരില്‍ ആദ്യത്തെ നാലുപേരിലൊരാളായി നിഷയും മാറി. പരീക്ഷണത്തില്‍ പങ്കെടുത്ത 18 രോഗികളിലെ ഏക ഇന്ത്യന്‍ വംശജയാണ് നിഷ വര്‍ഗീസ്.
രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ എല്ലാവരും അര്‍ബുദം പിടിവിട്ടു പുതുജീവിതം നയിക്കുന്നു. ‘മൂന്നാഴ്ചയില്‍ ഒരിക്കല്‍ വീതം 6 മാസത്തേക്ക് ഡൊസ്റ്റര്‍ലിമാബ് ഉപയോഗിച്ചതിനു ശേഷം നടത്തിയ പരിശോധനകളില്‍ ട്യൂമര്‍ കാണാനേ ഉണ്ടായിരുന്നില്ല. അകത്ത് എവിടെയെങ്കിലും മറഞ്ഞിരിക്കുകയാണോ? വിശ്വാസം വരാതെ ഞാന്‍ ഡോക്ടറോടു ചോദിച്ചു. അത്രയ്ക്ക് അദ്ഭുതം സമ്മാനിച്ച നിമിഷമായി അത്. ശരിക്കും മിറക്കിള്‍’ നിഷ ഓര്‍ത്തെടുക്കുന്നു.
ട്യൂമര്‍ ഭേദമായെന്ന സന്തോഷവാര്‍ത്തയാണ് ഡോക്ടര്‍ നിഷയ്ക്ക് സമ്മാനിച്ചത്. അര്‍ബുദം മൂലം ജീവിതത്തിലെ വെളിച്ചം കെട്ടെന്നു നിരാശപ്പെടുന്നവര്‍ക്കു പ്രത്യാശയാകാനാണ് അവിശ്വസനീയമെന്നു പറയാവുന്ന സ്വന്തം അനുഭവം നിഷ പങ്കുവയ്ക്കുന്നത്. മലാശയ (റെക്ടല്‍) അര്‍ബുദത്തിനു മാത്രമല്ല മറ്റു പലതരം അര്‍ബുദങ്ങള്‍ക്കും ഇതേ മരുന്ന് പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലെ പരീക്ഷണത്തിനു ചുക്കാന്‍ പിടിച്ച ഡോ. ആന്‍ഡ്രിയ സെര്‍സിയും ഡോ. ലൂയിസ് ആല്‍ബെര്‍ട്ടോ ഡിയസ് ജൂനിയറും.
ഗാസ്ട്രിക്, പ്രോസ്റ്റേറ്റ്, പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ചവരിലും ഡൊസ്റ്റര്‍ലിമാബ് പരീക്ഷണം ഉടന്‍ നടക്കും. ശസ്ത്രക്രിയയും കീമോതെറപ്പിയും റേഡിയേഷനും ഒഴിവാക്കി ഇമ്യൂണോ തെറപ്പിയിലൂടെ മാത്രം രോഗം ഭേദമാക്കുന്ന ഈ ചികിത്സാരീതിയെ ഇമ്യൂണോ എബ്ലേറ്റിവ് തെറപ്പിയെന്ന് ഡോ. ഡിയസ് വിശേഷിപ്പിക്കുന്നു.
ട്രയലില്‍ പങ്കെടുത്ത ആരിലും മരുന്നിന്റെ സങ്കീര്‍ണ്ണതകളുണ്ടായില്ല. അതേ സമയം, കൂടുതല്‍ രോഗികളില്‍ ഇത് ഫലവത്താകുമോയെന്നും കാന്‍സര്‍ എല്ലാവരിലും പൂര്‍ണ്ണമായും അപ്രത്യക്ഷമാകുമോ എന്നുമറിയാന്‍ വലിയ തോതിലുള്ള ട്രയലുകള്‍ ഇനിയും നടക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.