വായനാപക്ഷാചരണം; ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘അക്ഷരമതില്‍’ തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍


പേരാമ്പ്ര: അക്ഷര പഠനത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ച് ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തയാറാക്കിയ ‘അക്ഷരമതില്‍’ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. ഭാഷാവേദിയും എന്‍.എസ്.എസും സംയുക്ത്മായി നടത്തുന്ന വായനാപക്ഷാചരണത്തിന്റെ ഭാഗമായാണ് അക്ഷരമതില്‍ വിന്യസിക്കപ്പെട്ടത്.

വിദ്യാര്‍ത്ഥികളുടെ ദിവസങ്ങളായുള്ള പരിശ്രമം, അക്ഷര രൂപകല്പന, നിര്‍മ്മാണം, വിന്യാസം തുടങ്ങിയവ പഠന പ്രവര്‍ത്തനങ്ങളായി മാറി. അക്ഷരത്തില്‍ നിന്നുള്ള അകല്‍ച്ചയെ പ്രതിരോധിക്കുക, അക്ഷരങ്ങളോട് അടുക്കുക എന്ന ആശയമാണ് ഇത് മുന്നോട്ട് വയ്ക്കുന്നത്. മുഴുവന്‍ വിദ്യാര്‍ത്ഥികളും സമ്പൂര്‍ണ്ണ അക്ഷരമാല ജ്ഞാനം ഉള്ളവരായി മാറി എന്നത് ഈ പരിപാടിയുടെ പ്രത്യേകതയാണ്.

ആദ്യക്ഷരം പതിക്കല്‍ അപ്പുക്കുട്ടി മാസ്റ്റര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഉണ്ണികൃഷ്ണന്‍ ടി.എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ അനീഷ് കെ വി സ്വാഗതവും അജിനി ടി നന്ദിയും പറഞ്ഞു.

ദിവസവും വായിക്കാനായി നിശ്ചിത സമയം കണ്ടെത്തുകയും വായിക്കുകയും ചെയ്യുന്ന ‘വായിക്കാതിരിക്കാന്‍ എനിക്കാവതില്ല ‘ എന്ന പരിപാടിയോടെ തുടങ്ങിയ വായനാപക്ഷാചരണത്തില്‍ മൊഴിയും വഴിയും , വരയുടെ വായന, നാട്ടുവഴിയിലെ പാട്ടുപുര, അതിജീവനത്തിന്റെ ആമസോണ്‍, തിരവായന, ചലച്ചിത്ര പ്രദര്‍ശനം, ചര്‍ച്ച, തെയ്യം പ്രതീകങ്ങളുടെ ആവിഷ്‌കാരം, സാഹിത്യ ക്വിസ് തുടങ്ങിയ പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 30ന് ‘പറയാതിരിക്കാന്‍ എനിക്കാവതില്ല’ എന്ന പരിപാടിയോടെ വായനാപക്ഷാചരണത്തിന് സമാപനമാവും.