പയ്യോളിയിൽ അതിഥി തൊഴിലാളിയ്ക്ക് മലമ്പനി; പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി ആരോഗ്യവിഭാഗം
പയ്യോളി: പയ്യോളി നഗരസഭയിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളിയ്ക്ക് മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിച്ച് നഗരസഭ അധികൃതർ. ഇയാൾ താമസിച്ചിരുന്ന കെട്ടിടം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഉൾപ്പടെയാണ് സന്ദർശിച്ചത്. രണ്ട് ദിവസം മുൻപാണ് കടുത്ത പനിയെ തുടർന്ന് തൊഴിലാളി ചികിത്സ തേടിയത്.
മലമ്പനി ബാധിച്ച തൊഴിലാളിയെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിപ്പാർപ്പിക്കുകയും വേണ്ട ചികിത്സകൾ നൽകിയതായും അധികൃതർ പറഞ്ഞു. ഇയാൾ കുറച്ചുദിവസങ്ങളായിട്ടേയുള്ളു സ്ഥലത്ത് എത്തിയിട്ടുള്ളുവെന്നും കൂടെ താമസിക്കുന്ന മറ്റ് തൊഴിലാളിളെ വിശദമായി ആരോഗ്യ പരിശോധന നടത്തിയിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയിൽ മറ്റാർക്കും മലമ്പനി സ്ഥരീകരിച്ചിട്ടില്ലെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പറഞ്ഞു.
സമീപത്ത് ക്ലോറിൻ ശുദ്ധീകരണം നടത്തുകയും പ്രദേശവാസികൾക്കും തൊഴിലാളികൾക്കും ഉൾപ്പെടെ ബോധവൽക്കരണം നൽകിയതായും അദ്ദേഹം പറഞ്ഞു. എച്ച്.ഐ മേഘനാഥൻ, എച്ച്.എസ്.എ ലതീഷ്, ജെ.എച്ച്.ഐ രജനി, ആശാവർക്കർ എന്നിവരായിരുന്നു സ്ഥലം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നത്.