മലബാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയ സര്‍വ്വേ ആരംഭിച്ചു; നിര്‍മ്മിതികളെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും, ലഭിച്ചത് 4061 അപേക്ഷകള്‍
ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണയ സര്‍വ്വേ ആരംഭിച്ചു. ചെമ്പനോട വില്ലേജില്‍പ്പെട്ട മൂത്തേട്ട്പുഴയുടെ അതിര്‍ത്തിയില്‍ നിന്നാണ് സര്‍വ്വേ ആരംഭിച്ചത്. ഡിസംബര്‍ 31 നുള്ളില്‍ ഒരു കിലോമീറ്റര്‍ അളന്ന് തിട്ടപ്പെടുത്തി ഈ ഭൂപ്രദേശത്ത് വരുന്ന നിര്‍മ്മിതികളെ കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
നിലവില്‍ 4061 അപേക്ഷയാണ് ഗ്രാമപഞ്ചായത്തിന് ലഭിച്ചത്. ഇവ 13 രജിസ്റ്ററുകളിലായി മാറ്റിയിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് ഫീല്‍ഡ് തല സര്‍വ്വേ നടത്തുക

സര്‍വ്വേയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ. ശശി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം. ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍, ചക്കിട്ടപാറ വില്ലേജ് ഓഫീസര്‍ കെ.വി. സുധി, ചെമ്പനോട വില്ലേജ് ഓഫീസര്‍ അബ്ദുള്‍ സലാം, ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ.വി. ബിജു, ഗ്രേഡ് ഫോറസ്റ്റര്‍ എന്‍.കെ. പത്മനാഭന്‍, ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍ നികേഷ്, മുഹമ്മദ് ഫൈസല്‍, കെ. അജിനേഷ് ഫീല്‍ഡ് സര്‍വ്വേ എഞ്ചിനീയര്‍മാരായ എം.ഡി. പ്രബീഷ്, ധന്യചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.