വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് റെയിൽവേസ്റ്റേഷൻ പരിസരത്ത് തന്നെ നിലനിർത്തുക; മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ
വടകര: വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് റെയിൽവേ സ്റ്റേഷനിൽ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുതൽ മാഹി വരെയും, മലയോര മേഖലകളായ കാവിലുംപാറ, പെരുവണ്ണാമുഴി തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കുമുള്ള തപാൽ ഉരുപ്പടികൾ തരംതിരിക്കുകയും സമയബന്ധിതമായി വിതരണം ചെയ്യുകയും ചെയ്യുന്ന തപാൽ വകുപ്പിന്റെ അതിപ്രധാനമായ ഓഫീസാണ് വടകര സ്റ്റേഷനിലെ മുൻഭാഗത്ത് പ്രവർത്തിച്ചു വരുന്ന വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ്.
24 മണിക്കൂറും എല്ലാ തപാൽ ഉരുപ്പടികളും ബുക്ക് ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്. കോടതികൾ, മോട്ടോർ വാഹന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി അടിയന്തിര പ്രാധാന്യമുള്ള കത്തുകൾ അയക്കാൻ ആർഎംഎസിനെ ആശ്രയിച്ചു വരുന്നുണ്ട്. ഇത്തരത്തിൽ വടകര ആർഎംഎസ് ഓഫീസ് കെട്ടിടം റെയിൽവേ സ്റ്റേഷൻ പരിസരത്ത് തന്നെ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് എംഎല്‍എ വ്യക്തമാക്കി.
എന്നാൽ പാലക്കാട് റെയിൽവേ ഡിവിഷണൽ എൻജിനീയറുടെ കത്ത് പ്രകാരം ഈ ഓഫീസ് കെട്ടിടം പെട്ടെന്ന് ഒഴിയാൻ ആവശ്യപ്പെടുകയുണ്ടായി. വടകര ആർഎംഎസ് ഓഫീസിന്റെ പ്രാധാന്യം പരിഗണിച്ചുകൊണ്ട്, റെയിൽവേ സ്റ്റേഷൻ പരിസരത്ത് പുതിയ കെട്ടിടം ലഭ്യമാകുന്നത് വരെ നിലവിലെ കെട്ടിടത്തിൽ ആർഎംഎസ് ഓഫീസ് തുടരാൻ റെയിൽവേയുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിയതായി എംഎല്‍എ അറിയിച്ചു. റെയിൽവേയുടെ ഭാഗത്ത് നിന്ന് അനുഭാവപൂർണ്ണമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Description: Maintain Vadakara RMS railway station premises; MLA